കോട്ടയം – ഇറിഡിയം ലോഹ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വൈക്കത്ത് നടന്ന തട്ടിപ്പിൽ വീണ്ടും അറസ്റ്റ്. മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 21 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഇയാളില്‍ നിന്നും കാറും വാങ്ങിയെടുക്കുകയും ചെയ്തു.
പിന്നീട് ബിസിനസ്സിൽ പങ്കാളിയാക്കാതെയും പണവും, കാറും തിരികെ നൽകാതെയും കബളിപ്പിച്ചതിനെ തുടർന്ന് മധ്യവയസ്കന്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ വിഷ്ണു , വിനു എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെജി കൂടി പോലീസിന്റെ പിടിയിലാവുന്നത്.
എറണാകുളം വേങ്ങൂര്‍ കൈപ്പിള്ളി അമ്പലത്തിന് സമീപനം വാടകയ്‌ക്ക് താമസിക്കുന്ന അംഗനാട് വിഷ്ണു (30) കാലടി നെടുംപുറത്ത് വിനു (48) എന്നിവരാണ് നേരത്തെ പിടിയിലായത്.
അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ വിലയുള്ള ലോഹമാണ് ഇറിഡിയം. ഇറിഡിയത്തില്‍ നിര്‍മിച്ചതെന്ന് വിശ്വസിപ്പിച്ച് അന്ധവിശ്വാസം ചൂഷണം ചെയ്ത് പലയിടത്തും സംഘടിത തട്ടിപ്പ് വ്യാപകമാണ്.