തിരുവനന്തപുരം: കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് (മങ്കി പോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽനിന്നും കേരളത്തിലെത്തുന്നവർഉൾപ്പടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഏതെങ്കിലും രീതിയിലുളള രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് എം പോക്‌സ് ചികിത്സയും ഐസൊലേഷനും ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയും ബന്ധപ്പെടേണ്ട നോഡൽ ഓഫീസർമാരുടെ അടക്കം ഫോൺ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.
ദുബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് എം പോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. മഞ്ചേരി മെഡിക്കൽ കോളജിലെ ത്വക് രോഗ വിഭാഗം ഒ.പിയിലാണ് യുവാവ് ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടെത്തുകയായിരുന്നു.
മുമ്പ്, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എം പോക്‌സ്. എന്നാലിപ്പോഴിത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എം പോക്‌സ് കൂടുതലായി റിപോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.