തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി ഈ ആഴ്ച നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രധാനമായും കേരളത്തിൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നത്. ഇന്നും തിങ്കളാഴ്ചയുമായി സംസ്ഥാനത്ത് എട്ടു ജില്ലകളിൽ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് ഇന്നും തിങ്കളാഴ്ചയും മഴയ്ക്കു സാധ്യതയുള്ളത്. ചൊവ്വാഴ്ച വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉയർന്ന രാത്രി താപനില തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് കള്ളക്കടൽ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്കുന്നു. ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.