ചെന്നൈ– സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതായി കണ്ടെത്തി. റെയ്ഡില്‍ നിര്‍ണ്ണായക രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന. 14 മണിക്കൂര്‍ നീണ്ട പരിശോധന ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് അവസാനിച്ചത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാനായ ഗോപാലനെ ചെന്നൈയിലും കോഴിക്കോടുമായി 7 മണിക്കൂറോളം ചോദ്യം ചെയ്തു.
കഴിഞ്ഞ 3 മാസമായി ഗോകുലം ഗ്രൂപ്പ് ഇ.ഡി നിരീക്ഷണത്തിലായിരുന്നു. 2022ല്‍ ഇ.ഡി കൊച്ചി യൂണിസ്റ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്യേഷണം നടക്കുന്നത്. അന്യേഷണത്തിന്റെ ഭാഗമായി ഗോകുലം എം.ഡി ബൈജുവിനെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയതിനാലാണ് റെയ്ഡ് നടത്തിയത്. എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട് വിവാദത്തിന് ഇതുമായി ബന്ധമില്ലെന്നും ഇ.ഡി വ്യക്തമാക്കി. 2017ല്‍ ആദായനികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്യേഷണം നടത്തിയിരുന്നു.