കണ്ണൂർ – വയോധികരുടെ വോട്ടെടുപ്പിൽ കള്ളവോട്ടു ചെയ്ത സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. സി.പി എം മുൻ ബ്രാഞ്ച് സെക്രട്ടറി കല്യാശ്ശേരി കപ്പോത്ത് കാവിലെ ഗണേശൻ ആണ് കേസിലെ ഒന്നാം പ്രതി.
കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരിയിലെ എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വോട്ട് രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന വിധത്തിൽ പോൾ ചെയ്‌ത സംഭവത്തിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്. പോളിങ്ങ് ഉദ്യോഗസ്ഥർ അടക്കം 6 പേർക്കെതിരെയാണ് കേസ്.
പോളിംഗ് ഓഫീസർ വി വി പൗർണമി, പോളിംഗ് അസി. ടി കെ പ്രജിൻ, മൈക്രോ ഒബ്‌സർവർ എ എ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്പെഷ്യൽ പോലീസ് ഓഫീസർ ലജീഷ് എന്നിവർക്കെതിരെയാണ് കേസ്.
വീട്ടിലെത്തിയുള്ള വോട്ടിൽ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്‌ച വരുത്തിയ ഈ പോളിംഗ് ഉദ്യോഗസ്ഥരെ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ സസ്പെന്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിന് വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്‌തിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്‌തിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.