ആലപ്പുഴ – മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയേയും കൂട്ടുപിടിക്കുന്ന മുസ്ലിംലീഗ് നിലപാട് ആത്മഹത്യാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവെ മതനിരപേക്ഷ വാദികളായ സുന്നികളിൽ വിള്ളലുണ്ടാക്കി മതരാഷ്ട്രവാദികളോടൊപ്പം ചേര്‍ക്കാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാല് സീറ്റിനും കുറച്ച് വോട്ടിനുംവേണ്ടി ലീഗും യു.ഡി.എഫും ആരെയും കൂടെകൂട്ടുന്ന സ്ഥിതിയാണിപ്പോള്‍. മുസ്ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കാനുള്ള ശ്രമമാണ് മുസ്ലിംലീഗിലെ ഒരുവിഭാഗം നടത്തുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ജയം ആദ്യം ആഘോഷിച്ചത് തീവ്രനിലപാടുകാരായ എസ്.ഡി.പി.ഐയാണ്. അവരുടെ വിജയമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം ചിത്രീകരിച്ചത്. ഇതെങ്ങനെ സംഭവിക്കുന്നു. വര്‍ഗീയ കക്ഷികളുമായി യു.ഡി.എഫ് രഹസ്യവും പരസ്യവുമായി കൂട്ടുകൂടുന്നതിന്റെ തെളിവാണിത്. ഇടതുമുന്നണി ഇത്തരത്തിലൊരു രാഷ്ട്രീയ കച്ചവടത്തിനുമില്ല. നാല് വോട്ടിനുവേണ്ടി എല്‍.ഡി.എഫ് രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും പിണറായി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിനും ജമാഅത്തെ ഇസ്ലാമിക്കും പറ്റിയ ആളുകളെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥികളാക്കുക. ബി.ജെ.പി ശക്തിപ്രാപിച്ച സ്ഥലങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. വര്‍ഗീയതയ്‌ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ബി ജെ പിയുടെ കൈയിലാകാനിടയായത്.- പിണറായി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group