തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ കേസെടുക്കണമെന്ന ഹര്‍ജി കോടതി തള്ളിയതിൽ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. വിഷയത്തില്‍നിന്നും ഒളിച്ചോടില്ല. അവസാനം വരെ പോരാടും.
കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. എന്നാല്‍, താന്‍ നല്കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കൂട്ടിച്ചേർത്തു.
മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കോടതി തള്ളിയത്.
മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മാത്യു കോടതിയെ സമീപിച്ചത്. സിഎംആര്‍എല്‍ കമ്പനിക്ക് ധാതുമണല്‍ ഖനനം നടത്താനും ഭൂമി കൈവശം വയ്ക്കാനും വഴിവിട്ട് സഹായം ചെയ്തതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ അക്കൗണ്ടിലേക്ക് മാസപ്പടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സംഭവത്തിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യമാണ് ആദ്യം കുഴല്നാടന് ഉന്നയിച്ചത്. എന്നാല്‍ പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നും ഹര്ജിക്കാരന് കോടതിയിയെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ സിഎംആർലിന് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ കുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ കുഴല്നാടന് കോടതിയില്‍ നല്‍കിയിരുന്നു.
സിഎംആര്‍എലിന് വഴിവിട്ട സഹായം നല്കാന് മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന് തെളിവായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്നാടന് അവകാശപ്പെട്ടു. എന്നാൽ ഈ രേഖകളിൽ സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.