തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയനോട്ടീസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കൂട്ടക്കൊലപാതകങ്ങൾക്കും കലാലയങ്ങളിലും സ്കൂളുകളിലും നടക്കുന്ന അക്രമങ്ങൾക്കുമെല്ലാം കാരണം ലഹരിയാണെന്ന് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയിൽ മറ്റ് നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യുകയായിരുന്നു. ഇതിനിടെയാണ് രമേശ് ചെന്നിത്തല അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒൻപത് വർഷം ഭരിച്ചിട്ടും യാതൊരുവിധ ലഹരിവിരുദ്ധ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് ആവർത്തിച്ച് വിളിച്ചായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇതിൽ ക്ഷുഭിതനായ മുഖ്യമന്ത്രി ചെന്നിത്തലയെ വിമർശിച്ചു.
ഓരോ തവണയും ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോയെന്ന് മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് ചോദിച്ചു. എന്ത് സന്ദേശമാണ് ചെന്നിത്തല സമൂഹത്തിന് നൽകുന്നത്. ഇടയ്ക്കിടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നുപറഞ്ഞ് ചോദ്യം ചോദിച്ചാൽ പോര, നാട് നേരിടുന്ന പ്രശ്നം എന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇതിന് മറുപടി നൽകി രമേശ് ചെന്നിത്തലയും രംഗത്തെത്തി. താൻ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അതിനുള്ള അവകാശമുണ്ട്. നാട്ടിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിക്കുന്നത് അൺപാർലമെന്ററി അല്ലെന്നും ചെന്നിത്തല മറുപടി നൽകി. വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യ കാര്യങ്ങൾ അല്ല പറയേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.