കണ്ണൂർ – വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പാനൂർ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കള്ളവോട്ട് വിവാദവും. കാസർക്കോട് മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരിയിൽ വയോധികയുടെ വോട്ട് മുൻ ബ്രാഞ്ച് സെക്രട്ടറി ചെയ്ത സംഭവത്തിൽ സി.പി.എം നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നു മാത്രമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ.ശ്രീമതി ടീച്ചർ പ്രതികരിച്ചത്.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ശൈലജ ടീച്ചർ മത്സരിക്കുന്ന വടകരയിൽ ഉൾപ്പെട്ട പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ സജീവ പാർട്ടി പ്രവർത്തകർ പിടിയിലായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശക്തമായ മത്സരം നടക്കുന്ന വടകരയിൽ ശൈലജ ടീച്ചറുടെ വിജയ സാധ്യത പോലും ഇല്ലാതാക്കുന്ന വിധത്തിൽ ഈ സംഭവം സംസ്ഥാന വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെ പ്രതിരോധിക്കാനാവാതെ നേതൃത്വം വലയുന്ന ഘട്ടത്തിലാണ് മറ്റൊരു ശക്തമായ മത്സരം നടക്കുന്ന കാസർക്കോട് മണ്ഡലത്തിൽ കള്ളവോട്ട് വിവാദം ഉയർന്നത്. കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമമായ കല്യാശ്ശേരിയിലാണ് മുൻ ബ്രാഞ്ച് സെക്രട്ടറി വയോധികയുടെ കള്ളവോട്ട് ചെയ്ത് വിവാദത്തിലായത്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ പാർട്ടി പൂർണ്ണമായും പ്രതിരോധത്തിലായി.
കള്ളവോട്ട് കേന്ദ്രമെന്നാണ് കണ്ണൂരിനെ രാഷ്ടീയ എതിരാളികൾ വിശേഷിപ്പിക്കാറുള്ളത്. ഏതാനും വർഷം മുമ്പ് പാർട്ടി പ്രവർത്തകർ തുടർച്ചയായി കള്ളവോട്ട് ചെയ്യുന്ന തൽസമയ ദൃശ്യങ്ങൾ ചാനലിൽ വന്നത് വലിയ വിവാദമായിരുന്നു. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ട് വ്യാപകമാണെന്ന ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വോയ്സ് ക്ലിപ്പിംഗുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസർക്കോട്. രാജ് മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്തുന്നതിനായി സി.പി.എം പതിനെട്ടടവും പയറ്റുന്നതിനിടെയാണ് അശനിപാതം പോലെ കള്ളവോട്ട് വിവാദം ഉയർന്നിരിക്കുന്നത്. അതിനിടെ, കല്യാശ്ശേരി കള്ളവോട്ടിൽ കേസെടുത്തതിന് പിന്നാലെ കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെയും എൽഡിഎഫ് ഏജൻ്റും പ്രാദേശിക സിപിഐഎം നേതാവുമായ ഗണേശനേയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണോ എൽ.ഡി.എഫ് ഏജൻ്റ് പ്രായമായ സ്ത്രീയ്ക്ക് വോട്ട് ചെയ്യാനായി ബാഹ്യ ഇടപെടൽ നടത്തിയത് എന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിക്കുക. വരണാധികാരി കൂടിയായ കളക്ടർ അന്വേഷണം പ്രഖ്യാപിച്ച വിഷയത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതികളായ ആറ് പേരുടേയും മൊഴിയും ദൃക്സാക്ഷികളായവരുടെയും യഥാർത്ഥ വോട്ടറായ ദേവകിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തും.
സംഭവത്തിൽ മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണം നടത്തി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.
അതോടൊപ്പം സംഭവത്തിൽ രാഷ്ട്രീയ ആരോപണവും ശക്തിപ്പെടുകയാണ്. പലസ്ഥലങ്ങളിലും ഏജൻ്റുമാരെ അറിയിക്കാതെയാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് യു.ഡി.എഫ് ആരോപണം.