കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിലാണ് സംഭവം. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയിൽ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ് കേസെടുത്തു.
അടുത്ത സുഹൃത്തുക്കളായ ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കഴിക്കാനായി മഹേഷ് ബീഫുമായാണ് എത്തിയത്. മദ്യപിക്കുന്നതിനിടെ നിധീഷ് ബീഫ് കഴിച്ചു. ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് പറഞ്ഞെങ്കിലും നിധീഷ് അത് തമാശയാണെന്നാണ് കരുതിയത്. തുടർന്ന് വീണ്ടും ബീഫ് കഴിക്കുകയും ചെയ്തു.
എന്നാൽ പിറ്റേദിവസം വയറുവേദന ഉൾപ്പെടെയുളള അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് നിധീഷ് ഓർക്കാട്ടേരിയിലെ ആശുപ്രതിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തിനാണ് ബീഫിൽ എലിവിഷം ചേർത്തതെന്ന് വ്യക്തമല്ല.