ചുമരെഴുത്ത്
ഇന്ത്യ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പാർലമെന്റിൽ ഇടിമുഴക്കം സൃഷ്ടിച്ചിരുന്ന അംഗങ്ങളെ പരിചയപ്പെടുത്തുന്നു
ബംഗ്ലാദേശിലെ (അവിഭക്ത ബംഗാള്‍ പ്രവിശ്യ) ഇറ്റ്‌ന ഗ്രാമത്തില്‍ ജനിച്ച് മോസ്‌കോയില്‍ മരിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്റെ ധീരോദാത്ത കഥയാണ് ഭൂപേഷ് ഗുപ്തയുടേത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആരംഭം തൊട്ടേ രാജ്യസഭാംഗമായിത്തീര്‍ന്ന ഭൂപേഷ് അഞ്ചു തവണയാണ് എം.പിയായത്. 1952 മുതല്‍ 1981 ല്‍ മോസ്‌കോയില്‍ വെച്ച് അറുപത്തേഴാം വയസ്സില്‍ അന്തരിക്കുന്നത് വരെ അദ്ദേഹം മികച്ച പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതി കരസ്ഥമാക്കി.
കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയുടെ കീഴിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളേജിലെ പഠനത്തിനിടെ യുവവിപ്ലവകാരികളുടെ സംഘടനയായ അനുശീലന്‍ സമിതിയുടെ കരുത്തുറ്റ പോരാളിയായി മാറി ഭൂപേഷ് ഗുപ്ത. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്കെടുത്ത് ചാടിയ ഭൂപേഷിനെ രക്ഷിതാക്കള്‍ ലണ്ടനിലേക്കയച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസായിരുന്നു അവരുടെ ലക്ഷ്യം. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബാരിസ്റ്റര്‍ അറ്റ് ലോ കരസ്ഥമാക്കി. അവിടെ വെച്ച് ഇന്ദിരാഗാന്ധിയുമായി സൗഹൃദത്തിലായി. ഇരുവരും ഇന്ത്യാലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.
മുപ്പതുകളുടെ അവസാനവര്‍ഷങ്ങളില്‍ ‘ബിലാത്തി’യില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെല്ലാവരും സമ്പന്ന കുടുംബ ങ്ങളുടെ സമൃദ്ധിയില്‍ ജനിച്ചു വളര്‍ന്നവരായിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ ഔന്നത്യങ്ങളും അക്കാദമിക് രംഗത്തെ ഉയര്‍ന്നപദവികളും അഭിഭാഷക മേഖലയിലെ വലിയ നേട്ടങ്ങളുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിനെത്തിയ ആ ചെറുപ്പക്കാര്‍ അധികം വൈകുന്നതിന് മുമ്പുതന്നെ വി.കെ കൃഷ്ണ മേനോന്‍ നയിക്കുന്ന ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിലേക്കും അവിടെ നിന്ന് മെല്ലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും എത്തിപ്പെടുകയായിരുന്നു.
ഹിരേന്ദ്ര നാഥ് മുഖര്‍ജി (ഹിരണ്‍ മുഖര്‍ജി), രേണുറോയ്, ജ്യോതിബസു, നിഖില്‍ ചക്രവര്‍ത്തി, ഇന്ദ്രജിത് ഗുപ്ത, മോഹന്‍ കുമരമംഗലം, സഹോദരി പാര്‍വതി കുമരമംഗലം, എന്‍. കെ കൃഷ്ണന്‍, പി എന്‍ ഹക്‌സര്‍….ഇവരുടെയെല്ലാം നേതാവായി ഭൂപേഷ് ഗുപ്തയും. സാമ്രാജ്യത്വ ത്തില്‍ നിന്നുള്ള വിമോചനകാംക്ഷയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള പ്രതീക്ഷയും സാഹസികജീവിതത്തോടുള്ള അഭിനിവേശവുമാണ് ആ ചെറുപ്പക്കാരെയെല്ലാം വിപ്ലവ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഭൂപേഷ് ഗുപ്ത ലണ്ടനില്‍ എത്തുമ്പോള്‍ തന്നെ വിപ്ലവാനുഭവങ്ങളുടെ തീച്ചൂളയില്‍ സ്വയം സ്ഫുടം ചെയ്തു കഴിഞ്ഞിരുന്നു. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി യായിരിക്കുമ്പോള്‍, അരബിന്ദോ ഘോഷ് സ്ഥാപിച്ച വിപ്ലവസംഘടനയായ അനുശീലന്‍ സമിതിയുടെ പ്രവര്‍ത്തകനായി തീര്‍ന്ന ഭൂപേഷ് പതിനാറാമത്തെ വയസ്സിലാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അടുത്തവര്‍ഷം -1931ല്‍ — വീണ്ടും രണ്ടു തവണ കൂടി പോലീസിന്റെ പിടിയിലായി. പ്രായത്തിന്റെ ഇളപ്പം കണക്കിലെടുത്ത് അപ്പോള്‍ വിട്ടയച്ചെങ്കിലും 1933 ല്‍ ഒരിക്കല്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ അടുത്ത നാലുവര്‍ഷങ്ങള്‍ തടവില്‍ കഴിയേണ്ടി വന്നു.
വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മകനെ രക്ഷപെടുത്താനായി ഭൂപേഷിന്റെ പിതാവ് മഹേഷ്ചന്ദ്ര ഗുപ്ത ഒരു വഴിയേ കണ്ടുള്ളൂ.വിദേശത്തേക്ക് പഠിക്കാന്‍ അയക്കുക. ജയിലില്‍ നിന്ന് വിട്ടയക്കുന്നതിനു പകരം ഭൂപേഷിനെ നേരിട്ട് കപ്പലിലേക്ക് എത്തിക്കുകയാണ്, പോലീസ് ചെയ്തത്. കപ്പല്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പായി മോചന ഉത്തരവും അതോടൊപ്പം വിദേശത്ത് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടരുത് എന്ന ഒരു കല്‍പനയും കൂടി പോലീസ് കൈയില്‍വെച്ചു കൊടുത്തു. എന്നാല്‍ ലണ്ടനില്‍ എത്തിയ ഉടനെ തന്നെ ഉത്തരവുകളെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് ഭൂപേഷ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാരംഭിച്ചു.
ബെല്‍സിസാ പാര്‍ക്കിലുള്ള ഭൂപേഷിന്റെ മുറി സോഷ്യലിസ്റ്റ്ചിന്തയിലേക്ക് ജ്ഞാനസ്‌നാനം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒരു കമ്യൂണായി മാറി. കമ്യൂണിസത്തോട് താത്പര്യമില്ലെങ്കില്‍പ്പോലും, ഫാസിസത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ചവരും വിദ്യാര്‍ത്ഥികളെന്നപോലെ അധ്യാപകരുമെല്ലാം, കാന്തശക്തിയാലെന്നപോലെ ഭൂപേഷിന്റെ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അങ്ങനെയാണ് ഇന്ദിരാഗാന്ധിയും ഭര്‍ത്താവ് ഫിറോസ് ഗാന്ധിയും ഭൂപേഷിന്റെ ഉറ്റ ചങ്ങാതിമാരായി തീര്‍ന്നത്. ഓക്‌സ്ഫോര്‍ഡിലെ മിഡില്‍ ടെംപിളില്‍ നിന്ന് ബാര്‍ അറ്റ് ലാ ബിരുദം നേടി സ്വന്തം ജന്മദേശത്തിലേക്ക് ഭൂപേഷ് മടങ്ങുമ്പോള്‍ പാതിവഴിയില്‍ പഠിത്തം അവസാനിപ്പിച്ച ഇന്ദിരയും ഫിറോസും ഒപ്പം ചേര്‍ന്നു. ഫാസിസത്തിന്റെ കഴുകന്‍ ചിറകടിയൊച്ചകള്‍ ലോകമാകെ ഇരമ്പിക്കേള്‍ക്കുകയായിരുന്നു അപ്പോള്‍.
ഇന്ത്യയില്‍ മടങ്ങിയെത്തിയ ഉടനെതന്നെ അന്ന് അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഭൂപേഷ് വളരെവേഗം,ജനറല്‍ സെക്രട്ടറി പി. സി ജോഷിയുടെ ഏറ്റവുമടുത്ത അനുയായിയായി. അധികം വൈകാതെ പാര്‍ട്ടിയുടെ നിരോധനം മാറിയതോടെ, ലണ്ടനില്‍ ഒപ്പം പഠിച്ചിരുന്ന, ഉറ്റ ചങ്ങാതി ജ്യോതി ബസുവിനോടൊപ്പം ചേര്‍ന്ന് ‘ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍’ സംഘടിപ്പിക്കുന്ന തിരക്കിലായി. ‘ബംഗാള്‍ ക്ഷാമ’ത്തിന്റെ നാളുകളില്‍ പാര്‍ട്ടി ആരംഭിച്ച ജനരക്ഷാ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി രാപകല്‍ പ്രവര്‍ത്തിച്ച ഭൂപേഷിന്,ബംഗാളിന്റെ അന്നത്തെ പ്രധാന മന്ത്രിയും മുസ്‌ലിം ലീഗിന്റെ നേതാവുമായ ഹുസൈന്‍ ശഹീദ് സുഹ്റാവര്‍ദിയുടെ (പില്‍ക്കാലത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി) ഔദ്യോഗിക വസതിയില്‍ ഏത് അസമയത്ത് പോലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വാക്കുകളില്‍ തീ പാറുന്ന ഒരു പ്രഭാഷകനായി അറിയപ്പെടാന്‍ തുടങ്ങിയതും ആ കാലത്തു തന്നെയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളിലൊന്നായ തേഭാഗാ കാര്‍ഷിക കലാപത്തിലെ പ്രതികളായ സഖാക്കള്‍ക്ക് വേണ്ടിയും മറ്റു ചില പ്രധാന തൊഴിലാളി പ്രക്ഷോഭങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കു വേണ്ടിയും കോടതിയില്‍ ഹാജരായത് ഭൂപേഷായിരുന്നു.
പാര്‍ലമെന്റില്‍ ഭൂപേഷിന്റെ പ്രകടനം അത്യുജ്വലമായിരുന്നുവെന്ന് പഴയ തലമുറയിലെ രാഷ്ട്രീയനിരീക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ശ്രവണസഹായി കാതില്‍ തിരുകി ഇടിമുഴക്കം പോലെ പ്രസംഗിക്കുകയും പാര്‍ലമെന്ററി നടപടികളില്‍ സര്‍ഗാത്മകമായി ഇടപെടുകയും ചെയ്ത ഭൂപേഷ്ഗുപ്തയെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്ത് എം.പിമാരിലൊരാളായി ദേശീയ – അന്താരാഷ്ട്ര വിഷയങ്ങളില്‍ വിദഗ്ധയായ മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ് ഈയിടെ വിശേഷിപ്പിക്കുകയുണ്ടായി.