ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കർണാടകയിലെ മദ്ദൂരിൽ വച്ചായിരുന്നു അശോക ട്രാവൽസ് എന്ന ബസിന് തീപിടിച്ചത്. പിൻഭാഗത്തുനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അപകടസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ മുഴുവൻ പുറത്തിറക്കാനായി. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. പിൻഭാഗം ഏറക്കുറെ പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിട്ടു. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.