കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ കേരള ഈ വര്‍ഷം രണ്ടാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്മാന് അഫി അഹ്മദ് പറഞ്ഞു. പൈലറ്റുമാരേയും സാങ്കേതിക, മാര്‍ക്കറ്റിങ് ജീവനക്കാരേയും റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൈലറ്റുമാരുടേയും ക്യാബിന് ക്രൂവിന്റേയും റിക്രൂട്ട്മെന്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചീഫ് പൈലറ്റിനേയും പൈലറ്റ് ട്രെയ്നര്മാരേയും നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വീസ് ആരംഭിക്കണമെങ്കില്‍ എയര്‍ കേരളയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഏതാനും മാസങ്ങള്‍ക്കകം ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി ചെയര്മാന് പറഞ്ഞു. ഏയര്‍ കേരളയുടെ മാതൃകമ്പനിയായ സെറ്റ്ഫ്ളൈ ഏവിയേഷന്‍ 2024 ജൂലൈയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് എന്‍ഒസി ലഭിച്ചിരുന്നു.
ഇന്ത്യന്‍ പൈലറ്റ്സ് ഫെഡറേഷന് പ്രസിഡന്റായ ക്യാപ്റ്റന്‍ സി എസ് രണ്‍ധവയെ ഒക്ടോബറില്‍ എയര്‍ കേരളയുടെ വൈസ് പ്രസിഡന്റ് ഓഫ് ഓപറേഷന്‍സ് ആയും, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ ഉന്നത പദവി വഹിക്കുന്ന ക്യാപ്റ്റന്‍ അഷുതോഷ് വസിഷ്ഠിനെ വൈസ് പ്രസിഡന്റ് ഓഫ് സെക്യൂരിറ്റി ആയും നിയമിച്ചിരുന്നു.
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാനാണു എയര്‍ കേരളയുടെ പദ്ധതി. രാജ്യാന്തര സര്‍വീസുകള്‍ക്ക് യോഗ്യത ലഭിക്കുന്ന മുറയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുണ്ടാകുമെന്ന് സിഇഒ ഹരീഷ് കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി എയര്‍ കേരള കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ഒന്നര മണിക്കൂറില്‍ പറന്നെത്താവുന്ന ആഭ്യന്തര വിമാനത്താവളങ്ങളിലേക്കായിരിക്കും സര്‍വീസ്. ഭാവിയില്‍ ഗള്‍ഫിലേക്കും സര്‍വീസുണ്ടാകും.
തുടക്കം പുത്തന്‍ വിമാനങ്ങളുമായി
ആദ്യ സര്‍വീസിനു തന്നെ പുത്തന്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച്-ഇറ്റാലിയന്‍ വിമാന നിര്‍മ്മാണ കമ്പനിയായ എടിആറുമായി എയര്‍ കേരള താല്‍പ്പര്യ പത്രം ഒപ്പിട്ടിട്ടുണ്ട്. ചെറിയ ദൂരം സഞ്ചരിക്കാവുന്ന മൂന്ന് ചെറുവിമാനങ്ങളുമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുക. നിലവില്‍ ഇന്‍ഡിഗോ, ഫ്ളൈ91 തുടങ്ങി പല കമ്പനികളും ഉപയോഗിക്കുന്ന ഈ എടിആര്‍ വിമാനങ്ങള്‍ സുരക്ഷയിലും മുന്‍പന്തിയിലാണ്.