ദുബായ് – ഒറ്റത്തവണ ഉപയോഗത്തിനുള്ള കൂടുതല്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് ദുബായില്‍ ഇന്നു മുതല്‍ വിലക്ക്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കാനും പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ വളര്‍ത്താനും പുനരുപയോഗ, പുനഃചംക്രമണ സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണിത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കീസുകള്‍ ദുബായ് മാസങ്ങള്‍ക്കു മുമ്പു തന്നെ നിരോധിച്ചിരുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകള്‍, പ്ലാസ്റ്റിക് പരുത്തി കൈലേസുകള്‍, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍, സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് സ്റ്റിററുകള്‍ എന്നിവക്ക് ഇന്നു മുതല്‍ സമ്പൂര്‍ണ വിലക്കുള്ളതായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന അതോറിറ്റിയായ ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായ് കിരീടാവകാശിയും പ്രതിരോധ ഉപപ്രധാനമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ കീസുകള്ക്കും 2024 ജൂണ്‍ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബായിയില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാദേശിക വിപണികളില്‍ വസ്തുക്കളുടെ സുസ്ഥിരമായ പുനരുപയോഗം ഉറപ്പാക്കിക്കൊണ്ട്, സര്‍ക്കുലാര്‍ ഇക്കോണമി പ്രാക്ടീസുകള്‍ക്ക് അനുസൃതമായി പുനഃചംക്രമണം ചെയ്ത ഉല്പന്നങ്ങള് സ്വീകരിക്കാന്‍ ഇത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. ഒറ്റത്തവണ ഉപയോഗത്തിനുള്ള ഉല്പന്നങ്ങളുടെയും പ്ലാസ്റ്റിക്കുകളുടെയും ഉപയോഗവും പുനരുപയോഗവും ഉത്തരവ് നിയന്ത്രിക്കുന്നു. ഷോപ്പുകള്‍, കച്ചവടക്കാര്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസുകള്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറക്കുന്ന സംരംഭങ്ങളില്‍ സജീവമായി പങ്കെടുക്കണം. സുസ്ഥിരമായ രീതികളിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ ന്യായമായ വിലക്ക് പുനരുപയോഗിക്കാവുന്ന ഇതരമാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഘട്ടം ഘട്ടമായി വിലക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. 2024 ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കാനായി 25 ഫില്‍സ് താരിഫ് ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് കീസുകളും നിരോധിച്ചു. 2025 ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് സ്റ്റിററുകള്‍, സ്റ്റൈറോഫോം കണ്ടെയ്നറുകള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍ എന്നിങ്ങനെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. അടുത്ത വര്‍ഷാദ്യം മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍, മൂടികള്‍, പ്ലാസ്റ്റിക് കത്തികള്‍, ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍ എന്നിവയും നിരോധിക്കും.