ഭൂമി ലോകത്തെ ഏറ്റവും പുണ്യം നിറഞ്ഞ തീര്‍ഥജലത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ സംസം കിണര്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന വിസ്മയകരമായ അത്ഭുതവും ദൈവീകദൃഷ്ടാന്തവുമാണ്. മരുഭൂനടുവില്‍ അനര്‍ഗളം നിര്‍ഗളിക്കുന്ന ഉറവകളുള്ള സംസം കിണര്‍ അയ്യായിരത്തോളം വര്‍ഷമായി ലോക ജനതക്കുള്ള ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു. വിശുദ്ധ കഅ്ബാലയത്തിന് കിഴക്ക് 20 മീറ്റര്‍ മാത്രം ദൂരെയാണ് സംസം കിണര്‍. ഇന്ന് ഭൂമിലോകത്തുള്ള ഏറ്റവും പഴക്കമേറിയ കിണറാണിത്.

പ്രവാചക ശ്രേഷ്ഠന്‍ ഇസ്മായില്‍ നബിയുടെ കുഞ്ഞുപാദങ്ങള്‍ക്കിടയില്‍ നിന്ന് ഉരവമെടുത്തതു മുതല്‍ സംസം കിണറിലെ തീര്‍ഥജലം വറ്റിയിട്ടില്ല. സാധാരണ കിണറുകളുടെ ആയുസ് 70 വര്‍ഷത്തില്‍ കവിയില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ നിര്‍ദേശാനുസരണം ഇബ്രാഹിം നബി ലോക മനുഷ്യരെ ഹജ് തീര്‍ഥാടനത്തിന് മക്കയിലേക്ക് ക്ഷണിച്ചതു മുതല്‍ സംസം കിണര്‍ തീര്‍ഥാടക സഞ്ചയത്തിന്റെ ദാഹമകറ്റുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ സംസം വെള്ളം ഓരോ ദിവസവും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ വിതരണം ചെയ്യുന്നു. ഇതിനു പുറമെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകര്‍ പ്രിയപ്പെട്ടവര്‍ക്കും ബന്ധുജനങ്ങള്‍ക്കും സമ്മാനിക്കാനും ജീവിതാന്ത്യത്തില്‍ തങ്ങള്‍ക്ക് നുകരാനും മടക്കയാത്രയില്‍ കോടിക്കണക്കിന് ലിറ്റര്‍ സംസം വെള്ളം ഓരോ വര്‍ഷവും സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നു. തീര്‍ഥാടകര്‍ മടക്കയാത്രയില്‍ കൈയില്‍ കരുതുന്ന ഏറ്റവും അമൂല്യമായ സമ്മാനം സംസം വെള്ളമാണ്.
ജനവാസവും പച്ചപ്പുമില്ലാത്ത, വാസയോഗ്യമല്ലാത്ത ഊഷരമായ മരുഭൂമിയില്‍ ഭാര്യ ഹാജറിനെയും പിഞ്ചുപൈതല്‍ ഇസ്മായിലിനെയും ഉപേക്ഷിക്കാനുള്ള ദൈവീക കല്‍പന ഇബ്രാഹിം നബി ശിരസാ വഹിക്കുകയായിരുന്നു. ഭൂമിയില്‍ തന്നെ ആരാധിക്കുന്നവര്‍ക്കുള്ള കേന്ദ്രമായി മക്കയെ പരിവര്‍ത്തിപ്പിക്കാനുള്ള ദൈവീക തീരുമാനത്തിന്റെ പൊരുള്‍ ഇബ്രാഹിം നബിക്കോ ഹാജറിനോ അന്ന് മനസ്സിലായില്ല. ദൈവീക കല്‍പന ശിരസ്സാവഹിക്കുക മാത്രമാണ് അവര്‍ ചെയ്തത്. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നതോടെ വിശപ്പും ദാഹവും കലശലായി പിഞ്ചുപൈതല്‍ വാടിത്തളര്‍ന്നു. വേപതുപൂണ്ട ഹാജര്‍ കത്തിയാളുന്ന സൂര്യനു കീഴിലെ നോക്കത്താദൂരത്തോളം നീണ്ടുകിടക്കുന്ന, കുന്നുകളും പര്‍വതങ്ങളും നിറഞ്ഞ, വിജനമായ മരുഭൂമിയില്‍ ദാഹജലം തേടി പരക്കംപാഞ്ഞു.
സഫാ, മര്‍വ മലകള്‍ക്കിടയില്‍ പലതവണ ഹാജര്‍ ഓടിനടന്നു. ഇതിനിടെയാണ് ഗബ്രിയേല്‍ മാലാഖ ഇസ്മായിലിന്റെ കുഞ്ഞിക്കാലുകള്‍ക്കടിയില്‍ നിന്ന് ഭൂമിപിളര്‍ത്തി നീരുറവ പുറത്തെത്തിച്ചത്. വെള്ളം നിര്‍ഗളിക്കുന്ന ശബ്ദം കേട്ടാണ് ഹാജര്‍ കുഞ്ഞുഇസ്മായിലിനു സമീപം ഓടിയെത്തിയത്. വെള്ളം ഒലിച്ചൊഴുകാന്‍ തുടങ്ങിയതോടെ നില്‍ക്കട്ടെ, നില്‍ക്കട്ടെ എന്നര്‍ഥം വരുന്ന ‘സം’, ‘സം’ എന്ന് ഹാജര്‍ പറയുകയും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിലക്കുകയുമായിരുന്നു.

ഇതേ കുറിച്ച് സൂചിപ്പിച്ച് പ്രവാചകന്‍ മുഹമ്മദ് നബി (സ) പറഞ്ഞത് ഇപ്രകാരമാണ്: ‘അല്ലാഹു ഇസ്മായിലിന്റെ മാതാവിനോട് കരുണ കാണിക്കട്ടെ, സംസത്തെ പൊട്ടിയൊഴാന്‍ അവര്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരു അരുവിയായി സംസം മാറുമായിരുന്നു’. വെള്ളം തീര്‍ന്നുപോയേക്കുമെന്ന് ഭയന്ന് മണലും കല്ലുകളും ഉപയോഗിച്ച് ഹാജര്‍ വെള്ളം തടഞ്ഞുനിര്‍ത്തി. ഈ ശ്രമത്തിനിടെയാണ് വെള്ളത്തിന്റെ അമിതപ്രവാഹം നില്‍ക്കട്ടെ, നില്‍ക്കട്ടെ എന്ന് അര്‍ഥം വരുന്ന ‘സം’, ‘സം’ എന്ന് എന്ന് ഹാജര്‍ ആവര്‍ത്തിച്ച് ഉരുവിട്ടത്. ഇതില്‍ നിന്നാണ് കിണറിന് സംസം എന്ന് പേര് ലഭിച്ചത്. ഉറവ പിന്നീട് കിണറായി മാറുകയും യാത്രാ സംഘങ്ങളുടെ വിശ്രമസ്ഥലമായി ഇവിടം മാറുകയും ചെയ്തു. മക്കയിലെ ജനവാസത്തിന്റെ തുടക്കം സംസം കിണറുമായി ബന്ധപ്പെട്ടിരിക്കുന്നു.

സംസം വെള്ളത്തിന്റെ പുണ്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് ഇങ്ങിനെ പറയുന്നു: ‘സംസം വെള്ളം എന്ത് ആവശ്യത്തിനു വേണ്ടിയാണോ കുടിക്കുന്നതെങ്കില്‍ അതിനുള്ളതാണ്’ എന്ന്. അതായത് കുടിക്കുന്നവന്റെ ഉദ്ദേശശുദ്ധിക്കും പ്രാര്‍ഥനക്കും അനുസരിച്ച പുണ്യവും ആഗ്രഹസഫലീകരണവും സംസം കുടിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് സാരം.
മക്ക നഗരത്തിന്റെ ആവിര്‍ഭാവത്തിന് നിദാനം സംസം കിണറാണ്. മരുഭൂനടുവില്‍ വെള്ളം സുലഭമായി ലഭിക്കുന്ന വിവരമറിഞ്ഞ് യാത്രാ സംഘങ്ങള്‍ ഇവിടം ഇടത്താവളമാക്കുകയും എല്ലാ ഭാഗത്തു നിന്നും ഗോത്രങ്ങള്‍ മക്ക ലക്ഷ്യമാക്കി പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇബ്രാഹിം നബിയും പുത്രന്‍ ഇസ്മായില്‍ നബിയും ചേര്‍ന്ന് വിശുദ്ധ കഅ്ബാലയം പടുത്തുയര്‍ത്തിയതോടെ മക്കയുടെ പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചു. ഇതോടെ അറേബ്യന്‍ ഉപദ്വീപിലെയും ശാമിലെയും (സിറിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ലെബനോന്‍ അടങ്ങിയ പ്രദേശം) ഗോത്രങ്ങളുടെ വാണിജ്യ കേന്ദ്രമായി മക്ക മാറി. ചരിത്രത്തിന്റെ പ്രയാണത്തിനിടെ ഒരുദശാസന്ധിയില്‍ സംസം കിണര്‍ അജ്ഞാത കാരണങ്ങളാല്‍ മൂടപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ കാലത്തിനു മുമ്പായിരുന്നു ഇത്. കിണര്‍ വീണ്ടും കുഴിക്കാന്‍ അബ്ദുല്‍മുത്തലിബിന് സ്വപ്‌നത്തില്‍ പലതവണ ദര്‍ശനമുണ്ടാവുകയായിരുന്നു. കിണര്‍ കുഴിക്കേണ്ട കൃത്യമായ സ്ഥലം സ്വപ്‌ന ദര്‍ശനത്തിലൂടെ അബ്ദുല്‍ മുത്തലിബിന് നിര്‍ണയിച്ചു നല്‍കി. ഇതുപ്രകാരം വീണ്ടും കുഴിക്കുകയും വെള്ളം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് സംസം കിണറില്‍ നിന്നുള്ള വെള്ളം തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുന്ന ചുമതല അബ്ദുല്‍ മുത്തലിബിന്റെ കുടുംബം ഏറ്റെടുത്തു.

സംസം കിണറിന്റെ ആഴം 30.5 മീറ്ററാണ്. വ്യാസം 1.08 മീറ്റര്‍ മുതല്‍ 2.66 മീറ്റര്‍ വരെയാണ്. മക്കയിലൂടെ കടന്നുപോകുന്ന വാദി ഇബ്രാഹിമിലെ മണല്‍ കലര്‍ന്ന എക്കല്‍ മണ്ണിലാണ് സംസം കിണറിന്റെ മുകള്‍ ഭാഗമായ 13.5 മീറ്ററുള്ളത്. അടിഭാഗത്തെ 17 മീറ്റര്‍ പാറയിലാണ് കുഴിച്ചിരിക്കുന്നത്. മണ്ണില്‍ കുഴിച്ച ഭാഗം കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. താഴ്‌വരയിലെ എക്കല്‍ മണ്ണില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തില്‍ നിന്നുള്ള ഉറവകളാണ് സംസം കിണറിന്റെ ജലസ്രോതസ്സ്. വൈദ്യുതി മോട്ടോറുകള്‍ ഉപയോഗിച്ചാണ് സംസം കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത്.

ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തുനിന്നുള്ള വിടവില്‍ നിന്നാണ് സംസം കിണറില്‍ പ്രധാനമായും വെള്ളം എത്തുന്നതെന്ന് ഹിജ്‌റ 1400 ല്‍ സംസം കിണര്‍ വൃത്തിയാക്കുന്നതിന്റെ ദൗത്യം ഏല്‍പിക്കപ്പെട്ട സംഘത്തിന്റെ നേതാവ് എന്‍ജിനീയര്‍ യഹ്‌യ കുശ്ക് വെളിപ്പെടുത്തുന്നു. 1971 ല്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പരിസ്ഥിതി എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ വിദഗ്ധനാണ് ഇദ്ദേഹം. വിശുദ്ധ ഹറമില്‍ ബാങ്കും ഇഖാമത്തും വിളിക്കുന്ന ഭാഗത്തിന്റെ ദിശയിലുള്ള ഉറവയാണ് രണ്ടാമത്തെ ഏറ്റവും വലിയ ജല സ്രോതസ്സ്. ഇതിനു പുറമെ കിണര്‍ കെട്ടിയ കല്ലുകള്‍ക്കിടയിലെ ചെറുദ്വാരങ്ങളില്‍ നിന്നും കിണറില്‍ വെള്ളം എത്തുന്നു. ഇതില്‍ ചിലത് സ്വഫയില്‍ അബൂഖുബൈസ് മലയുടെ ദിശയിലും മറ്റു ചിലത് മര്‍വ ദിശയിലുമാണ്.
സംസം കിണറിലെ ജലവിതാനം നാലു മീറ്റര്‍ താഴ്ചയിലാണ്. കിണറിലേക്കുള്ള ഉറവകളുടെ പ്രവാഹമുള്ളത് 13 മീറ്റര്‍ താഴ്ചയിലാണ്. മക്കയില്‍ സമീപപ്രദേശത്തെ മറ്റു കിണറുകളിലെ ജലത്തിനില്ലാത്ത പല സവിശേഷതകളും സംസം വെള്ളത്തിനുള്ളതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷമായി മുടങ്ങാതെ കോടാനുകോടി ലിറ്റര്‍ വെള്ളം നല്‍കിയിട്ടും സംസം കിണറിലെ വെള്ളം വറ്റുകയോ വെള്ളത്തിന്റെ അളവില്‍ കുറവ് വരികയോ ചെയ്തിട്ടില്ല.
1400 ല്‍ നാലു ശക്തമായ മോട്ടോറുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 8,000 ലിറ്റര്‍ തോതില്‍ കിണറിലെ വെള്ളം അടിച്ചൊഴിവാക്കാന്‍ തുടങ്ങിയപ്പോള്‍ ചെവിയടക്കുന്ന ശബ്ദത്തില്‍ ഉറവകളില്‍ നിന്ന് കിണറില്‍ വെള്ളം പതിക്കുന്ന ശബ്ദം കേട്ടതായി എന്‍ജിനീയര്‍ യഹ്‌യ കുശ്ക് തന്റെ കൃതിയില്‍ ഓര്‍ക്കുന്നു. ഹറമിനു സമീപത്തെ മലകളിലെ തുരങ്ക നിര്‍മാണങ്ങളും സമീപത്ത് അംബര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ആഴത്തില്‍ സ്ഥാപിച്ച അടിത്തറകളും സംസം വെള്ളത്തിന്റെ ജൈവഘടനയെ ഒരുനിലക്കും ബാധിച്ചിട്ടില്ലെന്ന് മക്ക ജല വകുപ്പ് മുന്‍ മേധാവി കൂടിയായ എന്‍ജിനീയര്‍ യഹ്‌യ കുശ്ക് രേഖപ്പെടുത്തി.
സമുദ്ര നിരപ്പിനു താഴെയുള്ള വിശുദ്ധ കഅ്ബാലയത്തിനു സമീപത്തെ സംസം കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് വാദിക്കുന്ന കത്ത് വിദേശ ഡോക്ടര്‍മാരില്‍ ഒരാള്‍ 1971 ല്‍ യൂറോപ്യന്‍ മാധ്യമസ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. നഗരത്തിലെ മുഴുവന്‍ മഴവെള്ളവും മറ്റും ഒരു കിണറില്‍ ഒരുമിച്ചുകൂട്ടപ്പെടുകയാണെന്ന വാദമാണ് ഇദ്ദേഹം ഉയര്‍ത്തിയത്. ഈ വിവരം ഫൈസല്‍ രാജാവിന്റെ ചെവിയിലുമെത്തി. ഉടന്‍ തന്നെ പരിശോധനക്കായി സംസം വെള്ളത്തിന്റെ സാമ്പിളുകള്‍ യൂറോപ്പിലെ ലാബുകളിലേക്ക് അയക്കാന്‍ കൃഷി, ജല മന്ത്രാലയത്തിന് രാജാവ് നിര്‍ദേശം നല്‍കി. പഠനത്തിന്റെ ഭാഗമായി മക്കയിലെത്തിയ യൂറോപ്യന്‍ വിദഗ്ധര്‍ സംസം കിണര്‍ കണ്ട് അമ്പരന്നു. ഇത്രയും ചെറിയ കിണര്‍ നൂറ്റാണ്ടുകളായി കോടിക്കണക്കിന് ഗ്യാലന്‍ വെള്ളം നല്‍കിവരുന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.
മക്ക നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും സംസം വെള്ളവും തമ്മില്‍ വ്യത്യാസമുള്ളതായി പഠനത്തില്‍ വ്യക്തമായി. സംസം വെള്ളത്തില്‍ കാല്‍സ്യത്തിന്റെയും മെഗ്നീഷ്യത്തിന്റെയും തോത് കൂടുതലാണ്. ഇതാണ് സംസം കുടിക്കുന്ന തീര്‍ഥാടകര്‍ക്ക് ഉന്മേഷം നല്‍കുന്നത്. രോഗാണുക്കളെ ചെറുക്കുന്ന ഫ്‌ളോറൈഡുകളും സംസം വെള്ളത്തില്‍ അടങ്ങിയതായി കണ്ടെത്തി. സംസം വെള്ളം ഉപയോഗയോഗ്യമാണെന്ന് യൂറോപ്യന്‍ ലാബുകളില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായി. ഈ വിവരം അറിഞ്ഞ് ഫൈസല്‍ രാജാവ് അതിയായി സന്തോഷിക്കുകയും ആദ്യ വാര്‍ത്തക്ക് തിരുത്തല്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ മാധ്യമസ്ഥാപനത്തിന് കത്തയക്കുകയും ചെയ്തു.
മറ്റു നഗരങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ പോലെ ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടോ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തോ സംസം വെള്ളം ശുദ്ധീകരിക്കന്നില്ല എന്നതും പ്രത്യേകതയാണ്. രാസപദാര്‍ഥങ്ങളൊന്നും ചേര്‍ക്കാതെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് സംസം അണുവിമുക്തമാക്കുന്നത്. പായലുകളും പൂപ്പലുകളും ചെടികളും വളര്‍ന്ന് കാലക്രമേണ വെള്ളം കേടാകുന്നത് സാധാരണ എല്ലാ കിണറുകളിലും കണ്ടുവരുന്ന പ്രതിഭാസമാണ്. ഇത്തരമൊരു പ്രശ്‌നം സംസം കിണറിന്റെ ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടില്ല. ഭൂമിലോകത്തെ ഏറ്റവും നല്ല വെള്ളം എന്ന് സംസമിനെ വിശേഷിപ്പിച്ചത് പ്രവാചകനാണ്. സംസം, സമം, സമാസിം, റക്ദതു ജിബ്‌രീല്‍, ശബാഅ, ശിഫാ സഖം, ത്വആം ത്വഅം, ത്വആമുല്‍അബ്‌റാര്‍ തുടങ്ങി സംസം കിണറിന് പന്ത്രണ്ടു പേരുകളുള്ളതായി ലിസാനുല്‍ അറബില്‍, ബിന്‍ മന്‍സൂര്‍ പ്രതിപാദിക്കുന്നു.
സംസം കിണര്‍ പരിചരണത്തിന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് സൗദി ഭരണാധികാരികള്‍ അതീവ ശ്രദ്ധയും പരിഗണനയുമാണ് നല്‍കുന്നത്. സംസം കിണര്‍ പുനരുദ്ധാരണ പദ്ധതിക്ക് 2017 ല്‍ സല്‍മാന്‍ രാജാവ് നല്‍കിയ നിര്‍ദേശം ഇരു ഹറമുകളുടെയും പരിചരണത്തിന് സൗദി ഭരണാധികാരികള്‍ കാണിക്കുന്ന ശ്രദ്ധയുടെയും താല്‍പര്യത്തിന്റെയും നിദര്‍ശനമാണ്.
സംസം കിണറില്‍ നിന്നുള്ള വെള്ളം ശേഖരിച്ച് തീര്‍ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനും വെയിലും മഴയും കൊള്ളാതെ തീര്‍ഥാടകര്‍ക്ക് കിണറില്‍ നിന്ന് സംസം ശേഖരിക്കാനും മതാഫില്‍ കെട്ടിടം നിര്‍മിക്കാന്‍ അബ്ദുല്‍ അസീസ് രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. സംസം വെള്ളം ശേഖരിക്കാന്‍ തീര്‍ഥാടകര്‍ നേരിടുന്ന പ്രയാസം ദൂരീകരിക്കാന്‍ ശ്രമിച്ചായിരുന്നു ഇത്. മതാഫിന്റെ മധ്യഭാഗത്തായിരുന്ന സംസം കെട്ടിടത്തിന് പലനിലകളുണ്ടായിരുന്നു. ഇതിനുള്ളിലായിരുന്നു സംസം കിണറിന്റെ വായ്ഭാഗം. മുകള്‍ ഭാഗത്ത് ചെമ്പ് കൊണ്ട് ആള്‍മറ നിര്‍മിച്ചിരുന്നു. ഇതിനു മുകളിലായി കിണറിന് മൂടിയും സ്ഥാപിച്ചിരുന്നു. വെള്ളം കോരാന്‍ പതിനാലാം നൂറ്റാണ്ടില്‍ സ്ഥാപിച്ച കപ്പിയും ഹിജ്‌റ 1,299 ല്‍ നിര്‍മിച്ച ചെമ്പു കൊണ്ടുള്ള ബക്കറ്റും ഇവിടെയുണ്ടായിരുന്നു. ഇവയിപ്പോള്‍ ഉമ്മുല്‍ജൂദ് ഹറം മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് മതാഫില്‍ പ്രയാസം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് ഈ കെട്ടിടം പൊളിച്ചുനീക്കി. മതാഫ് വികസന പദ്ധതിയുടെ ഭാഗമായി ഹിജ്‌റ 1377 ലാണ് സംസം കിണര്‍ കെട്ടിടം പൊളിച്ചുനീക്കിയത്. കിണറിലേക്കുള്ള പ്രവേശനം മതാഫിന് താഴെ കൂടിയാക്കി. ഇതോടെയാണ് പ്ലാസ്റ്റിക് ജാറുകള്‍ വഴി വിശുദ്ധ ഹറമില്‍ എല്ലാ ഭാഗത്തും സംസം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായത്. സംസം കിണര്‍ വീക്ഷിക്കാന്‍ തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി. ഖാലിദ് രാജാവിന്റെ നിര്‍ദേശാനുസരണം ഹിജ്‌റ 1400 ലാണ് സംസം കിണറില്‍ ഏറ്റവും വലിയ ശുദ്ധീകരണ ജോലികള്‍ നടന്നത്. ഹറം കലാപത്തിനിടെ മൃതദേഹങ്ങള്‍ സംസം കിണറില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്‍ജിനീയര്‍ യഹ്‌യ കുശ്കിന്റെ നേതൃത്വത്തിലുള്ള സംഘവും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് സംസം കിണര്‍ വൃത്തിയാക്കിയത്.
ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ മതാഫില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സ്ഥലം ലഭ്യമാക്കാന്‍ ശ്രമിച്ച് 1424 ല്‍ ഫഹദ് രാജാവിന്റെ കാലത്ത് മതാഫിന്റെ അടിഭാഗത്ത് സംസം കിണറുള്ള പ്രദേശത്തേക്ക് മതാഫില്‍ നിന്നുള്ള പ്രവേശന കവാടങ്ങള്‍ അടച്ചു. സംസം കിണറിനു നേരെ മുകളില്‍ മതാഫില്‍ മാര്‍ബിള്‍ വൃത്തത്തിനകത്ത് സംസം കിണര്‍ എന്ന് രേഖപ്പെടുത്തിയ അടയാളം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഈ അടയാളവും നീക്കം ചെയ്തു. സംസം കിണറുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികളുടെ കാലത്ത് പ്രഖ്യാപിച്ച ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് 2017 ല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പുനരുദ്ധാരണ പദ്ധതി.
രണ്ടു ഭാഗങ്ങള്‍ അടങ്ങിയതായിരുന്നു ഈ പദ്ധതി. സംസം കിണറിലേക്കുള്ള സര്‍വീസ് ടണലുകളുടെ നിര്‍മാണമാണ് ഇതില്‍ ഒന്ന്. മതാഫിന് അടിയിലൂടെ ആകെ എട്ടു മീറ്റര്‍ വീതിയില്‍ 120 മീറ്റര്‍ നീളത്തില്‍ അഞ്ചു ടണലുകളാണ് നിര്‍മിച്ചത്. സംസം വെള്ളം അണുവിമുക്തമാക്കലും സംസം കിണറിനു ചുറ്റുമുള്ള പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണവുമാണ് രണ്ടാമത്തെ ഭാഗം. പഴയ ഹറമിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ഇരുമ്പ് കമ്പി അവശിഷ്ടങ്ങളും സംസം വെള്ളത്തിന്റെ പരിശുദ്ധിയെ ബാധിക്കാതെ നോക്കാന്‍ പ്രദേശത്ത് ചെറുകല്ലുകള്‍ (മെറ്റല്‍) നിറക്കുകയാണ് ചെയ്തത്. ഇതിലൂടെ സംസം കിണറിലേക്കുള്ള നീരുറവകളുടെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സാധിച്ചു. ഏഴു മാസമെടുത്താണ് സംസം കിണര്‍ പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയത്.
സംസം വെള്ളം ഓട്ടോമാറ്റിക് ആയി ശുദ്ധീകരിച്ച് ബോട്ടില്‍ ചെയ്ത് വിതരണം ചെയ്യാനുള്ള കിംഗ് അബ്ദുല്ല പദ്ധതി 2010 ല്‍ സൗദി അറേബ്യ ആരംഭിച്ചു. 70 കോടി റിയാല്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിശുദ്ധ ഹറമില്‍ നിന്ന് നാലര കിലോമീറ്റര്‍ ദൂരെയാണ് കിംഗ് അബ്ദുല്ല സംസം ബോട്ട്‌ലിംഗ് പ്ലാന്റ്. വിശുദ്ധ ഹറമില്‍ വിതരണം ചെയ്യാനുള്ള സംസം വെള്ളവും ഇവിടെ നിന്നാണ് ലഭ്യമാക്കുന്നത്. മദീനയില്‍ മസ്ജിദുന്നബവിയിലെ സംസം ടാങ്കുകളിലേക്കും ഇവിടെ നിന്ന് ടാങ്കറുകളില്‍ സംസം എത്തിക്കുന്നു. ഹജ്, ഉംറ സീസണുകളില്‍ പ്രതിദിനം 250 ടണ്ണും അല്ലാത്ത കാലത്ത് പ്രതിദിനം 120 ടണ്ണും സംസം ആണ് മദീനയില്‍ വിതരണത്തിന് എത്തിക്കുന്നത്. സംസം വിതരണത്തിന് ഹറമില്‍ കാല്‍ ലക്ഷത്തോളവും മസ്ജിദുന്നബവിയില്‍ പതിനായിരത്തിലേറെയും ജാറുകളുണ്ട്. കൂടാതെ ഇരു ഹറമുകളിലും ടാപ്പുകള്‍ വഴിയും സംസം വിതരണം ചെയ്യുന്നു.
സംസം വെള്ളവുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങള്‍ക്ക് സൗദി ജിയോളിജിക്കല്‍ സര്‍വേക്കു കീഴില്‍ റിസേര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. സംസം കിണറിലെ വെള്ളത്തിന്റെ ഉറവിടങ്ങള്‍ അറിയാനും അവ നിരീക്ഷിക്കാനും വര്‍ധിച്ചുവരുന്ന തീര്‍ഥാടകര്‍ക്ക് സംസം വെള്ളം മുടങ്ങാതെ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നിരവധി പഠനങ്ങള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. പഴയ കാലത്ത് പ്രാഥമിക ഉപകരണമായ ഹൈഡ്രോഗ്രാഫ് ഡ്രം ഉപയോഗിച്ചാണ് സംസം കിണറിലെ ജലവിതാനം നിരീക്ഷിച്ചിരുന്നത്. ഇപ്പോള്‍ അത്യാധുനിക പരാമീറ്ററാണ് ഇതിന് ഉപയോഗിക്കുന്നത്. വെള്ളത്തിലെ അമ്ലാംശം, ചൂട് എന്നിവയെല്ലാം പാരാമീറ്റര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ രേഖപ്പെടുത്തുന്നു. ഈ റെക്കോര്‍ഡുകള്‍ ഇന്റര്‍നെറ്റ് വഴി എളുപ്പത്തില്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഇതിന് കിണറിനു സമീപം പോകേണ്ട ആവശ്യമില്ല.
കോടിക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകരാണ് ഓരോ വര്‍ഷവും വിശുദ്ധ ഹറമില്‍ എത്തുന്നത്. സൗദി അറേബ്യയുടെ മുക്കുമൂലകളില്‍ നിന്ന് വരുന്നവരും മക്ക നിവാസികളും സൗദിയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലാത്ത ഗള്‍ഫ് പൗരന്മാരും ഇവര്‍ക്കു പുറമെയാണ്. ഇവരെല്ലാവരും മതിവരുവോളം തീര്‍ഥജലം കുടിക്കുകയും മടക്ക യാത്രയില്‍ സാധ്യമായത്ര സംസം ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. അധരങ്ങള്‍ക്കിടയിലൂടെ അവസാനമായി പകര്‍ന്നുനല്‍കി വിശ്വാസികളുടെ അന്ത്യയാത്രാ നിമിഷങ്ങള്‍ ധന്യമാക്കാനുള്ള പുണ്യജലമായും സംസം വെള്ളത്തെ മുസ്‌ലിംകള്‍ കാണുന്നു.
വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DzIXEbmoY1811o2Kt9xkLd