റിയാദ്- സൗദി അറേബ്യയിലെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാവര്‍ക്കും റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) വാക്‌സിന്‍ നല്‍കിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം പ്രിവന്റീവ് ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് കണ്‍സള്‍ട്ടന്റ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അസിരി വ്യക്തമാക്കി.ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ഒരു പ്രധാന കാരണമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പ്രസ്തുത വൈറസ് ബാധിതര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. മന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷന്‍ വഴി വാക്‌സിന് ബുക്ക് ചെയ്യാം. കുടുംബ ഡോക്ടറുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അസീരി പറഞ്ഞു. ഇതോടെ അറുപതും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിന് (ആര്‍എസ് വി) വാക്‌സിന്‍ നല്‍കുന്ന അഞ്ചാമത്തെ രാജ്യമായി സൗദി അറേബ്യ മാറി. നവജാതശിശുക്കക്ക് ആദ്യ ആറുമാസങ്ങളില്‍ നല്‍കാനുള്ള പുതിയ വാക്‌സിന്‍ വൈകാതെയെത്തും. വിഷന്‍ 2030 കൈവരിക്കുന്ന വര്‍ഷത്തില്‍ പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 കൈവരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അസീരി പറഞ്ഞു.കോവിഡ് പ്രതിസന്ധി പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളും നടപടികളും കുറച്ചതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈറസ് ബാധ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് കണക്ക്. കോവിഡ് കാലത്തു കുറഞ്ഞിരുന്ന മറ്റ് വൈറസുകളുടെ ആക്രമണങ്ങള്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ശേഷം വര്‍ധിക്കുന്നതിന്റെ ഉദാഹരണമായിട്ടാണ് നിരീക്ഷകരും വിദഗ്ധരും ഇതിനെ വിലയിരുത്തുന്നത്. ചുമ, തുമ്മല്‍ എന്നിവയിലൂടെ തെറിക്കുന്ന ദ്രാവകത്തുള്ളികള്‍, ഇവ പതിച്ച സ്ഥലങ്ങളിലെ സ്പര്‍ശം എന്നിവ വഴിയാണ് ആര്‍എസ്‌വി പ്രധാനമായും പകരുന്നത്. ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, കടുത്ത പനി എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.പനിയും ജലദോഷവുമുണ്ടാക്കുന്ന വൈറസ് രോഗങ്ങളുള്ള വയോധികരിലും കുട്ടികളിലും ശിശുക്കളിലും വില്ലനാകാന്‍ സാധ്യതയുണ്ട്. ബ്രോങ്കിയോലൈറ്റിസ്, ന്യുമോണിയ എന്നിവ ഇവരില്‍ വൈറസ് ബാധക്ക് കാരണമാകുന്നു. അമേരിക്കയില്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ന്യുമോണിയയ്ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ഈ വൈറസാണെന്നാണു മെഡിക്കല്‍ ഗവേഷകര്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group