റിയാദ്- ഒ.ടി.പി തട്ടിപ്പിന്റെ പേരില്‍ നിയമക്കുരുക്കിലായ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നിരപരാധിത്വം തെളിയിക്കാനായി. റിയാദില്‍ ജോലി ചെയ്യുന്ന നഴ്‌സിന് നജ്‌റാന്‍ പോലീസിലും നജ്‌റാനില്‍ ജോലി ചെയ്യുന്ന നഴ്‌സിന് റിയാദ് പോലീസിലുമുള്ള കേസുകളാണ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലില്‍ ഒഴിവായത്.
മൂന്ന് മാസം മുമ്പാണ് നജ്‌റാനിനടത്ത് താര്‍ എന്ന സ്ഥലത്ത് ഗവണ്‍മെന്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് യാത്ര വിലക്കുള്ള വിവരം നജ്‌റാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലീം ഉപ്പള സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചത്. കേസ് റിയാദിലായത് കൊണ്ട് എംബസിയില്‍ നിന്ന് അനുമതി പത്രം ലഭിച്ച ശേഷം പോലീസ് സ്റ്റേഷനിലെത്തി കേസ് പരിശോധിച്ചപ്പോള്‍ 140000 റിയാല്‍ മലയാളി നഴ്‌സിന്റെ മൊബൈല്‍ നമ്പറുപയോഗിച്ച് തട്ടിയെടുത്തതായി അറിയാന്‍ കഴിഞ്ഞു. അവരുടെ നിരപരാധിത്തം തെളിയിച്ച് താമസിക്കുന്ന വീടിന്റെ അഡ്രസ് നല്‍കി ഫയല്‍ അങ്ങോട്ട് മാറ്റാന്‍ സിദ്ദീഖ് ആവശ്യപ്പെട്ട് രേഖകള്‍ ഒപ്പിട്ടു. ശേഷം ഫയല്‍ ബന്ധപ്പെട്ട സ്റ്റേഷനിലെത്തിച്ച് അന്വേഷണം പൂര്‍ത്തിയാക്കി അവരെ കുറ്റമുക്തയാക്കി.
അവധിക്ക് നാട്ടില്‍ പോകാനായി റീ എന്‍ട്രി അടിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാസ്‌പോര്‍ട്ടില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് കമ്പനി പ്രതിനിധിയോടൊപ്പം റിയാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് റിയാദ് ജവാസാത്ത് ഓഫീസിലെത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുകയായിരുന്നു. ഹെഡ് നഴ്‌സ് ഗീതുവാണ് ഈ വിഷയം സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചത്. ഉടന്‍ തന്നെ സിദ്ദീഖ് പോലീസ് ഓഫീസറുമായി ബന്ധപ്പെട്ടു. നജ്‌റാന്‍ പോലീസില്‍ സാമ്പത്തിക കുറ്റ കൃത്യമുണ്ടെന്നും ഇവരെ അങ്ങോട്ട് മാറ്റണമെന്നും പോലീസ് അറിയിച്ചു. നജ്‌റാനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സലീം ഉപ്പളയുമായി സംസാരിച്ച് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസിന്റെ വിശദ വിവരങ്ങള്‍ ലഭിച്ചില്ല. പബ്ലിക് പ്രോസിക്യൂഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. പോലീസ് ഉദ്യോഗസ്ഥരുമാരുമായി സംസാരിച്ച് റിയാദില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിദ്ദീഖ് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വനിതാ ജയിലിലേക്ക് മാറ്റുകയും പബ്ലിക് പ്രോസിക്യൂഷന് ഫയല്‍ കൈമാറി അവിടെയും അന്വേഷണം പൂര്‍ത്തിയാക്കി. പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസറെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ദീഖ് ശ്രമിച്ചെങ്കിലും തെളിവ് എതിരായിരുന്നു. വൈകാതെ ഫയല്‍ കോടതിയിലേക്കയച്ചു. തുടര്‍ന്ന് കേസ് ഷീറ്റ് ലഭിച്ചു. ഇതിനിടയില്‍ കേസിന്റെ വിവരങ്ങളറിഞ്ഞ അവരുടെ സുഹൃത്തുക്കള്‍ ഒരു വര്‍ഷം മുമ്പ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ വിളി വന്നതും 200 റിയാല്‍ എക്കൗണ്ടില്‍ നിന്ന് പോയ വിവരവും ഹെഡ് നഴ്‌സിനെ അറിയിച്ചു. ഇതാണ് കേസിന് വഴിത്തിരിവായത്. നഴ്‌സുമായി ജയിലിലും പോലീസ് സ്റ്റേഷനിലും കൂടിക്കാഴ്ച നടത്തിയിട്ടും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ഈ വിഷയം ഓര്‍മ്മിപ്പിച്ചപ്പോള്‍ അന്വേഷണ സമയത്ത് മറന്ന് പോയെന്നായിരുന്നു മറുപടി. ഈ മറവിയാണ് എന്നെയും അന്വേഷണ ഉദ്യോഗസ്ഥരെയും വലച്ചതെന്ന് സിദ്ദീഖ് പറഞ്ഞു. തുടര്‍ന്ന് കേസ് ഷീറ്റിനുള്ള മറുപടി നീതിന്യായ മന്ത്രാലയത്തിന്റെ നാജിസ് പോര്‍ട്ടല്‍ വഴി നല്‍കി. കേസ് ഹിയറിങ്ങിന്റെ സമയത്ത് മലയാളം തര്‍ജമക്ക് ആളില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ലിങ്ക് വഴി സിദ്ദീഖ് പരിഭാഷകനായി. ജഡ്ജ് ചോദിച്ച ചോദ്യങ്ങള്‍ക്ക് സിദ്ദീഖിന്റെ സഹായത്തോടെ അവര്‍ മറുപടി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നെന്ന വ്യാജേന വന്ന ഫോണ്‍ വിളിയെ കുറിച്ച് ജഡ്ജിനെ ധരിപ്പിച്ചപ്പോള്‍ എന്ത് കൊണ്ട് ഈ വിഷയം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചില്ലെന്ന് ചോദിച്ചു. മറന്നെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ കേസ് തള്ളുകയും അടുത്ത ദിവസം അനുകൂലമായ വിധി പകര്‍പ്പ് ലഭിച്ച് ജയിലില്‍ എത്തിക്കുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കി അടുത്ത ദിവസം തന്നെ സിദ്ദീഖിന്റെ ഉറപ്പില്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഇവരുടെ അറിവോടെയല്ലാതെ മറ്റു രണ്ട് മൊബൈല്‍ നമ്പറുകളും ഇഖാമയിലുള്ളതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ അത് കാന്‍സല്‍ ചെയ്യാനുള്ള നപടികളും പൂര്‍ത്തിയാക്കി. സൗദി ഗവണ്‍മെന്റിന്റെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഇന്ത്യന്‍ എമബസി ഉദ്യോഗസ്ഥരുടെയും ഇവരുടെ സുഹൃത്തുക്കളുടെയും നിസ്സീമമായ സഹകരണം കൂടുതല്‍ സഹായമായി. അപരിചിതരുടെ ഫോണ്‍ വിളികളും, ഒടിപി, പാസ്സ് വേര്‍ഡ് എന്നിവ കൈമാറുന്നതും ശ്രദ്ധിക്കണമെന്ന് സിദ്ദീഖ് ഓര്‍മ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group