ജിദ്ദ: ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പുരാവസ്തു പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജിദ്ദയിലെ ചരിത്രപ്രധാന മേഖലയിൽ നടത്തിയ പുതിയ പുരാവസ്തു ഗവേഷണ ഫലങ്ങൾ അധികൃതർ വെളിപ്പെടുത്തി.
ഹിസ്റ്റോറിക് ജിദ്ദ മേഖലയിയുടെ വടക്കൻ ഭാഗത്ത്, അൽബയ്അ സ്‌ക്വയറിന് സമീപം, അൽകിദ്‌വ സ്‌ക്വയറിന് കിഴക്ക് ഭാഗത്തായി നടത്തിയ ഉല്ഖനനത്തിലൂടെ കണ്ടെത്തിയ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. പ്രദേശത്തിന്റെ പ്രതിരോധത്തിനായി നിർമിച്ച ഒരു കിടങ്ങിൻ്റെയും ഒരു കോട്ട മതിലിൻ്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ പുതിയ വിവരങ്ങളാണ് അധികൃതർ വെളിപ്പെടുത്തിയത്.
കിടങ്ങും കോട്ടമതിലും അനുബന്ധ കാര്യങ്ങളും നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും അധികൃതർ വിവരിച്ചു. ലോക പൈതൃക ദിനത്തോട് അനുബന്ധിച്ചായിരുന്നു ചരിത്ര കുതുകികൾക്ക് കൗതുകം പകർന്ന അധികൃതരുടെ വെളിപ്പെടുത്തലുകൾ.

ഹിജ്റ നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ (10-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലും എ ഡി 11-ആം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുമായി) ജിദ്ദ ചുറ്റുമതിലിന്റെ സുരക്ഷയോടെയുള്ള നഗരമായിരുന്നുവെന്ന് ചരിത്ര സ്രോതസ്സുകൾ വെളിപ്പെടുത്തുമ്പോൾ, ലബോറട്ടറി വിശകലനങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങൾ പ്രകാരം, പുതുതായി കണ്ടെത്തിയ കിടങ്ങും മതിലും പഴയ കോട്ട സംവിധാനത്തിൻ്റെ പിൽക്കാല ഘട്ടം ആയിരിക്കാമെന്നാണ് സൂചന. അതായത് ഇവ ഹിജ്റ 12, 13 നൂറ്റാണ്ടുകളിൽ (എഡി 18, 19 നൂറ്റാണ്ടുകളിൽ) നിർമ്മിച്ചതാകാനാണ് സാധ്യത.
പുരാവസ്തു പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പ്രഖ്യാപിച്ച പുരാവസ്തു കണ്ടെത്തലുകളുടെ ഭാഗമായാണ് പുതിയ കണ്ടെത്തലുകൾ. ഇതിൽ സ്വദേശികളായ വിദഗ്ദ്ധർക്ക് പുറമെ ഭൂഗർഭ ഗവേഷണത്തിൽ പ്രഗത്ഭരായ വിദേശികളും പങ്കെടുത്തിരുന്നു.

സൗദി ഹെറിറ്റേജ് അതോറിറ്റിയുടെ കീഴിൽ 4 പുരാവസ്തു കേന്ദ്രങ്ങളിലായി 25,000 പുരാവസ്തു വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഇവർ കണ്ടെത്തുകയുണ്ടായി. ഇവയിലൂടെ ചരിത്രപരമായ ജിദ്ദയുടെ സാംസ്കാരിക പ്രാധാന്യവും പിന്തുടർച്ചയും മനസ്സിലാക്കുന്നതിനും പുരാവസ്തു സ്ഥലങ്ങളെ ഉയർത്തിക്കാട്ടാനും അവയെ പരിപാലിക്കാനും ലക്‌ഷ്യം വെക്കുന്നു. അവയിലൂടെ നഗരത്തിന്റെ ചരിത്ര മഹത്വവും പ്രാധാന്യവും തിളങ്ങുകയും ചെയ്യും.