ജിസാൻ: കഴിഞ്ഞ മാസം 9 ന് ജിസാനിൽ മരിച്ച മലപ്പുറം കോട്ടക്കൽ സ്വദേശിയും ജിസാൻ അൽഹയാത്ത് നാഷണൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യനുമായ റഹീസ് അലി(30)യുടെ മൃതദേഹം ജിസാനിൽ ഖബറടക്കി. ജിസാൻ അൽ ഹയാത്ത് നാഷണൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റഹീസിൻറെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിസാൻ അമീർ തുർക്കി അൽസുദേരി റോഡിലുള്ള ഖബർസ്ഥാനിലാണ് മറവ് ചെയ്‌തത് . ജിസാൻ മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ സാമൂഹിക പ്രവർത്തകരുമടക്കം നിരവധിപേർ പങ്കെടുത്തു. റഹീസിന്റെ സഹോദരൻ റഷീദ് അലി, ഭാര്യാ സഹോദരൻ റഹീം, ദാഇ മുസ്‌തഫ സഅദി ക്ളാരി എന്നിവർ ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. റഹീസിൻറെ മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ദുബായിൽ ജോലിചെയ്യുന്ന സഹോദരൻ റഷീദ് അലിയും സൗദിയിലുള്ള ഭാര്യാ സഹോദൻ റഹീമും ഒരു മാസമായി ജിസാനിലുണ്ടായിരുന്നു. ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, ജിസാൻ സെൻട്രൽ കമ്മിറ്റി വെൽഫെയർ സെക്രട്ടറി നാസർ കല്ലായി,കെ.എം.സി.സി നേതാക്കളായ ഷംസു പൂക്കോട്ടൂർ, അബ്ദുൽഗഫൂർ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. ഐ.സി.എഫ് നേതാക്കളായ സിറാജ് കുറ്റ്യാടി, മുഹമ്മദ് സാലിഹ് മഞ്ചേശ്വരം, നാസർ കല്ലായി, അബ്ദുള്ള സുഹ്രി, എന്നിവരും കെ.എം.സി.സി, ജല ജിസാൻ, ഒ.ഐ.സി.സി തുടങ്ങിയ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരുമടക്കം വൻ ജനാവലി ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു.
ഏഴ് വർഷമായി ജിസാൻ അൽഹയാത്ത് നാഷണൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്റർ ആൻറ് അനസ്‌തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്‌തിരുന്ന റഹീസ് അലി കഴിഞ്ഞ ഏപ്രിൽ 26 നാണ് അവധികഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മലപ്പുറം കോട്ടക്കൽ ആട്ടീരി പുത്തൂർ കമ്പ്രത്ത് പുലിക്കോടൻ മുഹമ്മദ് അലിയുടെയും ജമീലയുടെയും മകനാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. എൻ.കെ.ഹരീജയാണ് ഭാര്യ. മക്കൾ റയാൻ അലി (6 ), ഹിദാ അലി (3).