ജിസാൻ: സൗദിയിലെ ഏറ്റവും വലിയ മാമ്പഴ ഉൽപാദനമേഖലയായ ജിസാനിൽ ഇപ്പോൾ മാമ്പഴക്കാലമാണ്. രുചിയിലും ഗുണമേന്മയിലും മികച്ച മാമ്പഴങ്ങൾക്ക് പേരുകേട്ട ജിസാനിലെ മാമ്പഴത്തോട്ടങ്ങളിൽ ഇത് വിളവെടുപ്പ് കാലമാണ്. എല്ലാ വർഷവും ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് ജിസാനിലെ മാമ്പഴ സീസൺ. സൗദിയിലെയും ലോകത്തെയും മാമ്പഴ വിപണിയിൽ ജിസാനിലെ മാമ്പഴങ്ങൾക്ക് വൻ ഡിമാന്റാണുള്ളത്.

അഞ്ചു ദശകൾക്ക് മുമ്പ് ഒരു മാവ് പോലും ഇല്ലാതിരുന്ന ജിസാനിൽ ഇപ്പോൾ മാമ്പഴങ്ങൾ കാർഷിക സമൃദ്ധിയുടെ പ്രതീകമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള മികച്ച മാവിൻ തൈകൾ ജിസാനിൽ കൃഷിചെയ്യുന്നതിനുള്ള സൗദി കൃഷി മന്ത്രാലയത്തിൻറെ ദീർഘവീക്ഷണത്തോടെയുള്ള കാർഷിക പദ്ധതിയുടെ വിജയഗാഥ കൂടിയാണ് ജിസാനിലെ മാമ്പഴ പെരുമയും സമൃദ്ധിയും.

ജിസാൻ മേഖലയിലെ മാമ്പഴ ഉൽപാദനത്തിൽ ഇത്തവണ വമ്പിച്ച വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 19,109 കൃഷിയിടങ്ങളിൽ നിന്നായി പ്രതിവർഷം 65,000 ടൺ മാമ്പഴങ്ങളാണ് ജിസാൻ മേഖലയിൽ ഉൽപാദിപ്പിക്കുന്നത്. 62,000 ത്തോളം ഏക്കറിലായി പത്ത് ലക്ഷത്തിലധികം മാവുകളാണ് ജിസാനിലുള്ളത്. രുചിയിലും ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യസ്‌തതയുള്ള അറുപതോളം ഇനം മാമ്പഴങ്ങൾ ഇപ്പോൾ ജിസാനിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജിസാനിലെ മികച്ച ഇനം മാമ്പഴങ്ങൾ ഇത്തവണ ആദ്യമായി ജോർദാനിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും ചെയ്‌തു. പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിൻറെ പിന്തുണയോടെ “ജസാഡ്‌കോ” യും അഗ്രികൾച്ചറൽ മാർക്കറ്റിങ് വിഷൻ കോർപറേഷനും ജോർഡൻ കൃഷിമന്ത്രാലയവുമായുണ്ടാക്കിയ ധാരണാപത്രത്തിൻറെ അടിസ്ഥാനത്തിലാണ് ഈ വർഷം ജിസാനിൽ നിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചത്.

എല്ലാ വർഷവും ജിസാനിലെ മാമ്പഴ വിളവെടുപ്പിന് തുടക്കം കുറിക്കുന്നത് മാമ്പഴോത്സത്തോടെയാണ്. പ്രാദേശിക വിപണിയിലടക്കം മാമ്പഴങ്ങളുടെ വൻതോതിലുള്ള വിപണനം ലക്ഷ്യമാക്കി കൊണ്ട് 2005 മുതലാണ് ജിസാനിൽ മാമ്പഴോത്സവം ആരംഭിച്ചത്. ജിസാനിലെ മാമ്പഴപ്പെരുമ വിളിച്ചോതിക്കൊണ്ട് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ജിസാൻ ഗവർണറേറ്റും ചേർന്ന് സബിയയിൽ സംഘടിപ്പിച്ച ഇരുപതാമത് മാമ്പഴോത്സവം 45000 അധികം പേർ സന്ദർശിച്ചതായി സബിയ ഗവണറേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മാസം 26 ന് ജിസാൻ പ്രവിശ്യ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്‌ത മാമ്പഴോത്സവം കഴിഞ്ഞ ആഴ്‌ചയാണ് സമാപിച്ചത്. വിവിധ സർക്കാർ ഏജൻസികളും സ്വകാര്യ കമ്പനികളും മേഖലയിലെ പ്രമുഖ മാമ്പഴ ഉൽപാദകരും പങ്കെടുത്ത മാമ്പഴോത്സവത്തിൽ അമ്പതോളം സ്റ്റാളുകളിലായി അറുപതോളം വ്യത്യസ്ത ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവുമാണ് നടന്നത്. കൂടാതെ മാമ്പഴം സംസ്‌കരിച്ച് തയാറാക്കിയ വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളും ജിസാനിലെ മറ്റ് ഉഷ്ണമേഘലാ ഫലങ്ങളായ പേരയ്ക്ക, വാഴപ്പഴം, പപ്പായ, അത്തിപ്പഴം എന്നിവയുടെ പ്രദർശനവും മാമ്പഴോത്സവത്തിൽ ഒരുക്കിയിരുന്നു.

ജിസാനിലെ മാമ്പഴകൃഷിയുടെ അനന്തസാദ്ധ്യതകൾ കണ്ടെത്തിയത് പ്രവിശ്യയിലെ സൗദി കാർഷിക ഗവേഷണകേന്ദ്രമാണ്. സമൃദ്ധമായ ഭൂഗർഭ ജലവും കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണും മാവ് അടക്കമുള്ള ഫലവൃക്ഷങ്ങളുടെ കൃഷിക്ക് അനുയോജ്യമാണെന്ന് കാർഷിക ഗവേഷണ കേന്ദ്രം കണ്ടെത്തുകയായിരുന്നു. 1972 നവംബറിൽ ഈജിപ്‌തിൽ നിന്ന് കൊണ്ടുവന്ന് ജിസാൻ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നട്ടുപിടിപ്പിച്ച ഏറ്റവും പഴക്കം ചെന്ന മാവ് ഇപ്പോഴും അവിടെയുണ്ട്. 52 വർഷം പ്രായമുള്ള ആ മുത്തശ്ശിമാവിന് 30 മീറ്ററോളം നീളമുണ്ട്. 1982 ലാണ് സൗദി കാർഷിക മന്ത്രാലയത്തിൻറെ ഗവേഷണ വിഭാഗം ഇന്ത്യ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, അമേരിക്ക, സുഡാൻ, ഈജിപ്‌ത്, കെനിയ, ഫ്‌ളോറിഡ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച മാമ്പഴയിനങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത ഉൽപാദനക്ഷതയുള്ള സങ്കരയിനം മാവുകൾ പരീക്ഷണാടിസ്ഥാനത്തിൽ ജിസാനിൽ കൃഷിചെയ്‌തു തുടങ്ങിയത്. ജിസാനിലെ മരുഭൂമിയിൽ മാമ്പഴ സമൃദ്ധിയുടെ കാർഷിക വിപ്ലവം സൃഷ്ടിച്ച ഒരു കാർഷിക പദ്ധതിയായി അത് വിജയം കണ്ടു. പിന്നീട് സൗദിയുടെ 2030 വിഷൻ പദ്ധതിയിലെ കാർഷിക പദ്ധതികളിൽ പ്രധാന ഇനമായി ജിസാനിലെ മാമ്പഴകൃഷി പദ്ധതി മാറി. ജിസാൻ പ്രവിശ്യയിൽ സബിയ, അബൂഅരീഷ്, അൽ ദർബ്, സാംത, ബെയിഷ്, എന്നിവിടങ്ങളിലാണ് കൂടുതൽ മാമ്പഴത്തോട്ടങ്ങളുള്ളത്. തബൂക്ക്, അസീർ, നജ് റാൻ, മദീന, മക്ക പ്രവിശ്യയിൽപ്പെട്ട ഖുൻഫുദ, അൽ ലൈത്ത്, അദും, അൽബാഹയിലെ അൽമഖ്‌വ, ഖിൽവ എന്നിവിടങ്ങളിലാണ് സൗദിയിൽ പ്രധാനമായും മാമ്പഴകൃഷിയുള്ളത്. സൗദിയിൽ 6872 ഹെക്ടർ കൃഷിയിടങ്ങളിൽ നിന്നായി പ്രതിവർഷം 90,000 ടൺ മാമ്പഴങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്.

തെക്കേ ഇന്ത്യയിലെ പ്രധാന വാണിജ്യ ഇനങ്ങളായ ബാഖോറ, നാരില്ലാത്ത ഉറച്ച കാമ്പുള്ള നീലം, അൽഫോൺസ, മൈലാപ്പൂ എന്നിവയും കൂടുതൽ മഞ്ഞ നിറവും മധുരവുമുള്ള ബങ്കനപ്പള്ളിയുമാണ് ജിസാനിൽ ഉൽപാദിപ്പിക്കുന്ന പ്രധാന ഇന്ത്യൻ മാമ്പഴ ഇനങ്ങൾ. അൽ അജാൽ, ജലാൻ, ടോമി, ബാലദി, അറ്റ്കിൻസ്, സെൻസേഷൻ, അൽസുബ്‌ദ, ബൾമാർ, ജൂലി എന്നിവയും സുഡാൻ, പാകിസ്ഥാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിലെ മാമ്പഴങ്ങളുമാണ് ജിസാനിലെ മറ്റു പ്രധാന ഇനങ്ങൾ. ഇപ്പോൾ ജിസാനിലെ തോട്ടങ്ങളിൽ മാമ്പഴങ്ങളുടെ വിളവെടുപ്പ് നടക്കുന്നതിനാൽ മലയാളികളടക്കമുള്ള നിരവധി പ്രവാസികളും സ്വദേശികളും മാമ്പഴങ്ങൾക്കായി തോട്ടങ്ങളിൽ എത്തുന്നുണ്ട്. വേനൽ ചൂടിന് കുളിർമ്മ പകരുന്ന മധുരവും സ്വാദുമുള്ള പലയിനം മാമ്പഴങ്ങൾ ജിസാനിലെ വിവിധ സൂഖുകളിലും വഴിയോരങ്ങളിലും ഇപ്പോൾ പതിവ് കാഴ്ച്ചയാണ്.പ്രാദേശിക ചന്തകളിലും നഗരത്തിന് പുറത്ത് നിരത്തുകളിലുമെല്ലാം ഇപ്പോൾ മാമ്പഴക്കച്ചവടക്കാരുടെ നീണ്ട നിര കാണാം. ജിസാനിലെ പ്രാദേശിക വിപണിയിൽ ലഭിക്കുന്ന കൊതുയൂറുന്ന മാമ്പഴങ്ങൾക്ക് ഇപ്പോൾ വിലയും വളരെ കുറവാണ്.