റിയാദ് – സൗദിയില്‍ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റല്‍ അനിവാര്യമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി മാനവശേഷി ഉപദേഷ്ടാവ് ഡോ. ഖലീല്‍ അല്‍ദിയാബി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാണ് സൗദി അറേബ്യ. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 ല്‍ സൗദി അറേബ്യ അംഗമാണ്. ജി-20 രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലാണ്.
സൗദി അറേബ്യ ഈ ലോകത്തിന്റെ ഭാഗമാണ്. വെള്ളിയാഴ്ച സൗദിയില്‍ അവധിയാണ്. എന്നാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ അന്ന് പ്രവര്‍ത്തിക്കുന്നു. വെള്ളിയാഴ്ച മറ്റു രാജ്യങ്ങളില്‍ നിന്ന് നമ്മള്‍ വ്യത്യസ്തരാണ്. അതിനാല്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നതിലൂടെ ലോക സമ്പദ്‌വ്യവസ്ഥയുമായും ഓഹരി സൂചികകളുമായും സമന്വയം ഉണ്ടായിരിക്കണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഡോ. ഖലീല്‍ അല്‍ദിയാബി പറഞ്ഞു. സൗദിയില്‍ നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു വാരാന്ത അവധി. അടുത്ത കാലത്താണ് ഇത് വെള്ളി, ശനി ദിവസങ്ങളാക്കി മാറ്റിയത്.
അതേസമയം, പ്രതിവാര തൊഴില്‍ ദിനങ്ങള്‍ അഞ്ചില്‍ നിന്ന് നാലായി കുറച്ച് പ്രമുഖ സൗദി കമ്പനി. സൗദിയില്‍ ആദ്യമായാണ് ഒരു കമ്പനി പ്രതിവാര തൊഴില്‍ ദിനങ്ങള്‍ നാലായി കുറക്കുന്നതെന്ന് അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനി തീരുമാനത്തില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ പ്രകടിപ്പിച്ചു. പുതിയ സംവിധാനം പ്രശംസനീയമാണെന്ന് ട്വീറ്റര്‍മാരില്‍ ചിലര്‍ പറഞ്ഞു. ഈ പരീക്ഷണത്തിന്റെ ഫലങ്ങളും, ജീവനക്കാരുടെ പ്രകടനത്തിലും ജോലിയുടെ ഗുണമേന്മയിലും അതിന്റെ സ്വാധീനവും ഉറ്റുനോക്കുകയാണെന്ന് മറ്റു ചിലര്‍ പറഞ്ഞു.