ജിദ്ദ: ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് കൗൺസിൽ വിദ്യാർഥികൾക്കായി നടത്തിയ വീഡിയോ രചനാ മത്സരത്തിൽ ജിദ്ദ ബ്രിട്ടീഷ് സ്കൂൾ വിദ്യാർത്ഥിനിയും തൃശൂർ തിരുവിലാമല സ്വദേശിയുമായ റൈമ നിഷാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മികച്ച കലാകാരി കൂടിയായ റൈമ പഠിക്കാനും മിടുക്കിയാണ്. നർത്തകിയും കൊറിയോഗ്രാഫറുമായ റൈമയുടെ സർഗാത്മകമായ രംഗത്തെ മികച്ച സംഭാവനയാണ് നിരവധി വിദേശ വിദ്യാർഥികൾ മാറ്റുരച്ച ഈ വീഡിയോ രചന. ‘കാലാവസ്ഥാ വ്യതിയാനം: പ്രതിസന്ധിയിൽ നിന്ന് പ്രവർത്തനത്തിലേക്ക് ‘ എന്നതായിരുന്നു വീഡിയോ രചനയ്ക്ക് നൽകിയ വിഷയം. നിരവധി വിദ്യാർത്ഥികളെ പിന്നിലാക്കി നേടിയ ഈ വിജയം സൗദിയിലെ മലയാളി പ്രവാസി യുവതയുടെ സർഗസിദ്ധിക്കുള്ള ആദരം കൂടിയായി. ജിദ്ദയിലെ ബ്രിട്ടീഷ് കോൺസൽ ജനറൽ സെസിലെ അൽ ബെലൈദി, റൈമ നിഷാദിനുള്ള ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. സൗദി ദേശീയ അടിസ്ഥാനത്തിൽ വിജയിയായ റൈമ അൽവാഹ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. റൈമയോടൊപ്പം മൂന്ന് കൂട്ടുകാരികളും വീഡിയോ നിർമാണത്തിൽ സഹകരിച്ചു.
ബ്രിട്ടീഷ് സ്കൂൾ അധ്യാപകരും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. കൊല്ലം പ്രവാസി സംഗമം കലാമേളം പരിപാടിയിൽ റൈമയും കൂട്ടുകാരികളും നൃത്തം അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. കേരള കലാസാഹിതി അംഗങ്ങളുമാണ് റൈമയുടെ കുടുംബം. ജിദ്ദയിൽ അറേബ്യൻ ഹോറിസോൺ സി.ഇ.ഒ നിഷാദിന്റെയും പാലക്കാട് സ്വദേശി സ്റ്റെഫിയുടെയും മകളാണ് റൈമ. ഐയാൻ, അനിയനാണ്.