ജിദ്ദ: അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 158 പേരെ ജനുവരി മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളില്‍ ആകെ 396 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 158 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ആഭ്യന്തര, പ്രതിരോധ, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യ, നീതിന്യായ, വിദ്യാഭ്യാസ, വാണിജ്യ, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് ജനുവരിയില്‍ വിവിധ പ്രവിശ്യകളില്‍ 1,076 ഫീല്‍ഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group