റിയാദ്: സൗദിയില്‍ 77 ശതമാനം തൊഴില്‍ കേസുകളും ലേബര്‍ കോടതികളിലെത്തുന്നതിനു മുമ്പായി രമ്യമായി പരിഹരിക്കുന്നതായി ഡെപ്യൂട്ടി മാനവശേഷി, സാമൂഹിക വികസ മന്ത്രി ഡോ. അബ്ദുല്ല അൂബൂസ്‌നൈന്‍ പറഞ്ഞു. മനുഷ്യക്കടത്ത് വിരുദ്ധ മേഖലയില്‍ സഹകരണം ശക്തമാക്കല്‍ എന്ന ശീര്‍ഷകത്തില്‍ സൗദി മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സംവാദ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏതാനും പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി, തൊഴില്‍ കരാര്‍ ഡോക്യുമെന്റേഷന്‍ പദ്ധതി, വേതന സുരക്ഷാ പദ്ധതി, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് അനുരഞ്ജന പരിഹാരം കാണുന്ന പദ്ധതി എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. തൊഴില്‍ കരാര്‍ ഡോക്യുമെന്റേഷന്‍ പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ 70 ലക്ഷത്തിലേറെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയാനും മനുഷ്യാവകാശങ്ങള്‍ മാനിക്കാനും സൗദിയില്‍ ജീവിക്കുന്ന എല്ലാവരുടെയും അന്തസ്സും മാനവും സംരക്ഷിക്കാനും സൗദി അറേബ്യ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. സൗദി തൊഴില്‍ വിപണിയില്‍ മനുഷ്യക്കടത്ത് തടയാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വലിയ ശ്രമങ്ങള്‍ നടത്തുന്നു. തടയല്‍, സംരക്ഷണവും സഹായവും, പ്രോസിക്യൂഷന്‍, ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ സഹകരണം എന്നീ നാലു പ്രധാന അച്ചുതണ്ടുകളെ അടിസ്ഥാനമാക്കിയുള്ള മുഷ്യക്കടത്ത് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, നിഷേധാത്മക സമ്പ്രദായങ്ങള്‍, തൊഴില്‍ കുറ്റകൃത്യങ്ങള്‍ എന്നിവ അടക്കമുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനും നിയമങ്ങളും നയങ്ങളും നിര്‍മിച്ചിട്ടുണ്ട്.
സൗദി തൊഴില്‍ വിപണിയുടെ കാര്യക്ഷമത ഉയര്‍ത്താനും ആകര്‍ഷണീയത വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ തൊഴില്‍ കരാര്‍പരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും മനുഷ്യക്കടത്തിന് ഇരകളാകാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങളെ സംരക്ഷിക്കാനും മനുഷ്യാവകാശ കമ്മീഷനുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമങ്ങള്‍ തുടരുമെന്നും ഡോ. അബ്ദുല്ല അൂബൂസ്‌നൈന്‍ പറഞ്ഞു.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുന്ന മനുഷ്യക്കടത്ത് കേസുകള്‍ തീര്‍ത്തും രഹസ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇത്തരം കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സത്താം അല്‍ഹര്‍ബി പറഞ്ഞു. മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന കേസുകളെ കുറിച്ച് എല്ലാവരും മന്ത്രാലയത്തെ അറിയിക്കണമെന്നും സത്താം അല്‍ഹര്‍ബി ആവശ്യപ്പെട്ടു. പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, മനുഷ്യാവകാശ കമ്മീഷന്‍ മേധാവി ഡോ. ഹലാ അല്‍തുവൈജിരി തുടങ്ങി നിരവധി പ്രമുഖര്‍ ചര്‍ച്ചാ സെഷനില്‍ സംബന്ധിച്ചു.
സൗദിയില്‍ തൊഴില്‍ കേസുകള്‍ ഓരോ പ്രവിശ്യകളിലും വന്‍കിട നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര വിഭാഗത്തിനാണ് നല്‍കേണ്ടത്. തൊഴിലാളികളുമായും തൊഴിലുടമകളുമായും ചര്‍ച്ചകള്‍ നടത്തി കേസുകള്‍ക്ക് രമ്യമായ പരിഹാരം കാണാന്‍ തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര വിഭാഗത്തിന് 21 ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. ഇതിനകം പരിഹാരം കാണാന്‍ കഴിയാത്ത കേസുകള്‍ ലേബര്‍ കോടതികള്‍ക്ക് കൈമാറുകയാണ് ചെയ്യുക. ലേബര്‍ കോടതികളുടെ ഭാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.