ജിദ്ദ – ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകക്ക് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സുഖപ്രസവം. ജിദ്ദ സെക്കന്റ് ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ ജിദ്ദ എയര്‍പോര്‍ട്ട് ഹെല്‍ത്ത് മോണിട്ടറിംഗ് സെന്ററുകള്‍ക്കു കീഴിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി എയര്‍പോര്‍ട്ടില്‍ വെച്ച് യുവതിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു.
ഡ്യൂട്ടി ഡോക്ടര്‍ ഫവാസ് ആലമിന്റെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരായ വലീദ് അഹ്മദ് അല്‍നുഅമിയും സാലിം മആതി അല്‍ഹര്‍ബിയും ഫതൂന്‍ അദ്‌നാന്‍ ബാഫേലും അടക്കമുള്ള മെഡിക്കല്‍ സംഘമാണ് ഇന്ന് (വെള്ളി) രാവിലെ യുവതിയുടെ പ്രസവമെടുത്തത്.
പ്രസവം പൂര്‍ത്തിയായ ശേഷം വിദഗ്ധ പരിചരണത്തിന് യുവതിയെയും നവജാതശിശുവിനെയും മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി. ജിദ്ദ സെക്കന്റ് ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ ജിദ്ദ എയര്‍പോര്‍ട്ട് ഹെല്‍ത്ത് മോണിട്ടറിംഗ് സെന്ററുകള്‍ വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ നാലു മെഡിക്കല്‍ സെന്ററുകള്‍ വഴി ഇരുപത്തിനാലു മണിക്കൂറും സേവനങ്ങള്‍ നല്‍കുന്നു.
ആരോഗ്യ വ്യവസ്ഥകള്‍ നടപ്പാക്കാനും യാത്രക്കാര്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കാനും വിദഗ്ധരായ ആരോഗ്യ പ്രവര്‍ത്തകരും രോഗ പ്രതിരോധ സംഘങ്ങളും വിമാനത്താവളത്തിലെ ആഗമന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.