മക്ക: ഹജ് പെർമിറ്റില്ലാത്ത 61 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ 17 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു.
എട്ടു വിദേശികളെയും ഒമ്പതു സൗദി പൗരന്മമാരെയുമാണ് ശിക്ഷിച്ചത്. ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചത്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും പുതിയ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് പത്തു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും വിധിയുണ്ട്.
ഹജ് തസ്രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ നിയമ നടപടികളിലൂടെ കണ്ടുകെട്ടാനും തീരുമാനമുണ്ട്. ഹജ് പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് മക്കയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായവർക്ക് 20,000 റിയാൽ വരെ തോതിൽ പിഴ ചുമത്തി. ഹജ് തീർത്ഥാടകർക്ക് സുരക്ഷിതമായി ആരാധനാ കർമങ്ങൾ നിർവഹിക്കാൻ സാധിക്കുന്നതിന് ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, ഹജ് തസ്രീഹ് ഇല്ലാതെ അനധികൃത രീതിയിൽ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നു ബംഗ്ലാദേശുകാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമവിരുദ്ധമായി മക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സംഘത്തിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മൂന്നു പേരും നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്നവരാണ്.
നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മൂവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.