ദമാം- ദമാമിൽ തൃശൂർ ഒ.ഐ.സി.സി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹന്നാന് പരിപാടിയിൽ പങ്കെടുക്കാനായില്ല. യാത്രക്ക് ആവശ്യമായ വിസാ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. ഇന്ന് ഉച്ചയോടെ ദമാം രാജ്യാന്തര വിമാനതാവളത്തിൽ ഇറങ്ങിയ ബെന്നി ബെഹനാൻ തൃശൂർ ജില്ലയിലെ ഒ.ഐ.സി.സി പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയിരുന്നത്. ഇന്ന് ആറു മണിക്കൂർ നേരത്തേക്ക് മാത്രമാണ് ബെന്നി ബെഹന്നാൻ എത്തിയിരുന്നത്.
ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉടമയായ ബെന്നി ബെഹന്നാൻ സൗദിയിൽ വരുന്നത് സംബന്ധിച്ച് സൗദി അധികൃതരെ കൃത്യമായി അറിയിച്ചിരുന്നില്ല. ഡിപ്ലോമാറ്റിക് പാസ്പോര്ട്ട് ഉടമകൾ അവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ നേരത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇതാണ് പുറത്തിറങ്ങാൻ തടസമായത് എന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തെ പുറത്തിറക്കുന്നതിനുള്ള നിരവധി വഴികൾ സംഘാടകർ തേടിയെങ്കിലും എയർപോർട്ട് അധികൃതർ അനുമതി നൽകിയില്ല. ഇതിനെ തുടർന്ന് ഇന്ന് രാത്രിയിലുള്ള വിമാനത്തിൽ തന്നെ അദ്ദേഹം തിരിച്ചുപോകും. ഇന്ന് ഉച്ചയോടെ ദമാമിലെത്തി കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്ത് രാത്രി ഇതേ ഫ്ലൈറ്റിൽ തന്നെ തിരിച്ചുപോകാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. നിലവിൽ ദമാം വിമാനത്താവളത്തിലാണ് ബെന്നി ബെഹന്നാൻ ഉളളത്.