മുംബൈ: ജീവന്മരണ പോരാട്ടത്തില്‍ ഏകപക്ഷീയ ജയവുമായി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്. വാംഖഡെയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നിഷ്പ്രഭമാക്കിക്കളഞ്ഞ പ്രകടനമാണ് ആതിഥേയര്‍ പുറത്തെടുത്തത്. 59 റണ്‍സിന്റെ ജയവുമായി നാലാമത്തെ ടീമായാണ് മുംബൈ പ്ലേഓഫില്‍ ഇടംപിടിക്കുന്നത്. തോല്‍വിയോടെ ഡല്‍ഹി പുറത്താകുകയും ചെയ്തു.
സൂര്യകുമാര്‍ യാദവിന്റെ സെന്സിബിള് ഫിഫ്റ്റിയും(73*) മൂന്ന് വിക്കറ്റ് വീതം കൊയ്ത മിച്ചല്‍ സാന്റ്നറുടെയും ജസ്പ്രീത് ബുംറയുടെയും ബൗളിങ് പ്രകടനവുമാണ് എതിരാളികളെ അപ്രസക്തരാക്കിക്കളഞ്ഞത്. കിടിലന്‍ ബൗളിങ് പ്രകടനവുമായി മത്സരത്തില്‍ ആധിപത്യമുറപ്പിച്ചതായിരുന്നു ഡല്‍ഹി. എന്നാല്‍, 48 റണ്‍സ് വാരിക്കോരിക്കോരിക്കൊടുത്ത അവസാനത്തെ രണ്ട് ഓവറുകളിലാണു മത്സരം കൈവിട്ടത്. മറുപടി ബാറ്റിങ്ങില്‍ പരിചയസമ്പന്നരായ രണ്ടു ബാറ്റര്‍മാരും തുടക്കത്തില്‍ തന്നെ കൂടാരം കയറിയതോടെ മുംബൈ മത്സരം പൂര്‍ണമായും നിയന്ത്രണത്തിലാക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഡല്‍ഹി ബൗളര്‍മാരുടെ പ്രകടനം. പവര്‍പ്ലേയില്‍ ആദ്യ ഓവറുകളില്‍ ഓപണര്‍ റിയാന്‍ റിക്കില്‍ട്ടനും(25) വില്‍ ജാക്സും(21) തുടരെ ബൗണ്ടറികള്‍ കണ്ടെത്തിയതൊഴിച്ചു നിര്‍ത്തിയാല്‍ പിന്നീട് ഡല്‍ഹി ബൗളര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു മത്സരം. പേസര്‍മാരെയും സ്പിന്നര്‍മാരെയും മാറിമാറി പരീക്ഷിച്ച് മികച്ച നീക്കങ്ങളുമായി മുംബൈ ബാറ്റര്‍മാരെ വരുതിയിലാക്കി ഡുപ്ലെസി.
കുല്‍ദീപ് യാദവിന്റെയും വിപ്രാജ് നിഗത്തിന്റെയും സ്പിന്നിനും മുസ്തഫിസുര്‍റഹമാന്റെയും ദുഷ്മന്ത ചമീരയുടെയും പേസ് വേരിയേഷനുകള്‍ക്കും മുന്നില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം വിയര്‍ത്തു. എന്നാല്‍, മിഡില്‍ ഓവറുകളില്‍ അപകടകരമായ ഷോട്ടുകള്‍ക്കൊന്നും മുതിരാതെ ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു സൂര്യ. മറുവശത്ത് തിലകും(27) ഹര്‍ദികും(മൂന്ന്) വീണിട്ടും സൂര്യ പാറപോലെ ഉറച്ചുനിന്നു. ഒടുവില്‍ ഡെത്ത് ഓവറില്‍ അതിന്റെ ഫലം കൊയ്യുകയും ചെയ്തു. മുകേഷ് കുമാറിന്റെ പെനള്‍ട്ടിമേറ്റ് ഓവറിലും ചമീരയുടെ അവസാന ഓവറിലും വെടിക്കെട്ട് ഫിനിഷിങ്ങുമായി സൂര്യയും നമന്‍ ധീറും ടീമിനെ മികച്ച ടോട്ടലിലെത്തിച്ചു. മുകേഷിന്റെ ഓവറില്‍ 27ഉം ചമീരയുടെ ഓവറില്‍ 21ഉം റണ്‍സാണു പിറന്നത്. സൂര്യ 43 പന്തില്‍ 73 റണ്‍സുമായും നമന്‍ ധീര്‍ എട്ടു പന്തില്‍ 24 റണ്‍സു മായും പുറത്താകാതെ നിന്നു. ഏഴ് ബൗണ്ടറിയും നാല് സിക്സറും സൂര്യയുടെ ഇന്നിങ്സിന് അകമ്പടിയേകി.
മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്കു തുടക്കം തന്നെ പാളി. ദീപക് ചഹാറിനു വിക്കറ്റ് നല്കി ക്യാപ്്റ്റന് തുടക്കമിട്ട ഘോഷയാത്രയില്‍ ഓരോ ബാറ്റര്‍മാര്‍ വന്ന് അണിചേരുന്നതാണു പിന്നീട് കണ്ടത്. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ ബൗളര്‍മാര്‍ ഡല്‍ഹി ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. അഞ്ചാം നമ്പറിലേക്കു സ്ഥാനക്കയറ്റം കിട്ടിയ വിപ്രാജിന്റെ(11 പന്തില്‍ 20) കാമിയോയും സമീര്‍ റിസ്വിയുടെ ഇന്നിങ്സും മാത്രമാണ് ചേസിങ്ങില്‍ ഡല്‍ഹിക്കു പ്രതീക്ഷ നല്‍കിയത്.
മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ വിപ്രാജിന്റെ ഭീഷണി മിച്ചല്‍ സാന്റ്നര്‍ അവസാനിപ്പിച്ചതോടെ പിന്നീട് റിസ്വി-ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ടിലായിരുന്നു സന്ദര്‍ശകരുടെ എല്ലാ കണ്ണും. എന്നാല്‍, മികച്ച ടച്ചില്‍ കളിച്ച റിസ്വിയെയും(35 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സറും സഹിതം 39) സ്റ്റബ്സിനെയും(18) പുറത്താക്കി വീണ്ടും സാന്റ്നര്‍ മുംബൈയുടെ ആധിപത്യമുറപ്പിച്ചു. പിന്നീട് വെറും ചടങ്ങുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.