ബെംഗളൂരു: ഐ.പി.എല്ലില്‍ ഡല്‍ഹിയുടെ അപരാജിത കുതിപ്പിന് ബംഗളൂരുവിലും സുല്ലില്ല. ചെപ്പോക്കിലെ റോയല്‍ ചലഞ്ചേഴ്സ് ഹോം ഗ്രൗണ്ടില്‍ നടന്ന 24-ാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഡല്‍ഹി കാപിറ്റല്‍സ് വിജയം. കെ.എല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറിയുടെ(പുറത്താകാതെ 93 റണ്‍സ്) കരുത്തില്‍ 13 പന്ത് ബാക്കിനില്‍ക്കെയാണ് ഡല്‍ഹിയുടെ ആധികാരിക വിജയം. ഇതോടെ പോയിന്റ് ടേബിളില്‍ തുടര്‍ച്ചയായ നാല് ജയത്തോടെ രണ്ടാം സ്ഥാനത്താണ് അക്സര്‍ പട്ടേലിന്റെ സംഘം.
ബംഗളൂരു ഉയര്‍ത്തിയ താരതമ്യേനെ ചെറിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കു വന്‍ ഷോക്കാണ് പവര്‍പ്ലേയില്‍ കിട്ടിയത്. അനായാസ വിജയം പ്രതീക്ഷിച്ചായിരുന്നു സംഘം ചേസിങ്ങിനിറങ്ങിയത്. എന്നാല്‍, ഭുവനേശ്വര്‍ കുമാറും യാഷ് ദയാലും ചേര്‍ന്ന് ഡല്‍ഹി ബാറ്റിങ് നിരയെ വിറപ്പിച്ചു. ഫാഫ് ഡുപ്ലെസി, ഫ്രേസര്‍ മക്കര്‍ക്ക്, അഭിഷേക് പൊറേല്‍ എന്നിങ്ങനെ മൂന്ന് മുന്‍നിര ബാറ്റര്‍മാരാണ് പവര്‍പ്ലേയില്‍ രണ്ടക്കം കടക്കാനാകാതെ ആയുധം വച്ചു കീഴടങ്ങിയത്. ഒന്‍പതാം ഓവറില്‍ നായകന് അക്സറും മടങ്ങിയതോടെ ബംഗളൂരു മത്സരം പിടിമുറുക്കി.
എന്നാല്‍, ഏതാനും മിനിറ്റുകളുടെ ആശ്വാസം മാത്രമായിരുന്നു ബംഗളൂരുവിനത്. അഞ്ചാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനെ കൂട്ടുപിടിച്ച് കെ.എല്‍ രാഹുല്‍ നടത്തിയ അസാമാന്യമായ രക്ഷാപ്രവര്‍ത്തനമാണ് പിന്നീട് അവിടെ കണ്ടത്. സിംഗിളും ഡബിളുമെടുത്ത് പതിയെ തുടങ്ങിയ രാഹുല്‍ ഇന്നിങ്സ് പാതി പിന്നിട്ടതോടെ ഗിയര്‍ മാറ്റി. ഇടവേളകളില്‍ സിക്സറും ബൗണ്ടറിയും പറത്തി ബംഗളൂരു ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യമുറപ്പിച്ചു.
രാഹുല്‍-സ്റ്റബ്സ് കൂട്ടുകെട്ട് പൊളിക്കാനാകാതെ ബംഗളൂരു ബൗളര്‍മാര്‍ വിയര്‍ത്തു. ആര്.സി.ബി നായകന് രജത് പട്ടിദാര്‍ നടത്തിയ ബൗളിങ് പരീക്ഷണങ്ങള്‍ കൊണ്ടൊന്നും ഫലമുണ്ടായില്ല. രണ്ടുപേരും ചേര്‍ന്ന് ഡല്‍ഹിയെ അതിവേഗം ജയത്തിലേക്കു നയിച്ചു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 15-ാം ഓവറില്‍ നാല് ബൗണ്ടറിയും ഒരു സിക്സറും സഹിതം 22 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഒടുവില്‍ യാഷ് ദയാലിനെ സിക്സറിനു പറത്തി രാഹുല്‍ തന്നെ വിജയറണ്‍ കുറിച്ചു. 53 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്സറും പറത്തിയാണ് രാഹുല്‍ 93 റണ്‍സെടുത്തത്. സ്റ്റബ്സ് 23 പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 38 റണ്‍സെടുത്ത് രാഹുലിന് ഉറച്ച പിന്തുണയും നല്കി.
നേരത്തെ ടോസ് നേടി ആതിഥേയരെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു ഡല്‍ഹി നായകന് അക്സര്‍ പട്ടേല്‍. പതിവുപോലെ വിരാട് കോഹ്ലിയും ഫില്‍ സാല്‍ട്ടും വമ്പനടികളുമായി ബംഗളൂരുവിനു മികച്ച തുടക്കം നല്കി. രണ്ടുപേരുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ 64 റണ്‍സാണ് പവര്‍പ്ലേയില്‍ ആര്.സി.ബി അടിച്ചെടുത്തത്. എന്നാല്‍, ദൗര്‍ഭാഗ്യകരമായൊരു റണ്ണൗട്ടിലൂടെ സാള്‍ട്ട്(17 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറും സഹിതം 37) പുറത്തായത് ആതിഥേയര്‍ക്കു തിരിച്ചടിയായി. പവര്‍ പ്ലേ തീര്‍ന്നതിനു പിന്നാലെ കോഹ്ലിയും(14 പന്തില്‍ 22) മടങ്ങിയതോടെ ബംഗളൂരു ബാക്ക്ഫൂട്ടിലായി.
മിഡില്‍ ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ പിടിമുറുക്കുന്നതാണു പിന്നീട് ചിന്നസ്വാമിയില്‍ കണ്ടത്. മികച്ച ഫോമിലുള്ള നായകന് രജത് പട്ടിദാര്‍(23 പന്തില്‍ 25) പോലും സ്പിന്നര്‍മാരെയും പേസര്‍മാരെയും നേരിടാന്‍ ഒരുപോലെ വിയര്‍ത്തു. ചെറിയ സ്കോറില്‍ ടീം ടോട്ടല്‍ ഒതുങ്ങുമെന്നു കരുതിയിടത്തുനിന്ന് ടിം ഡേവിഡാണ്(20 പന്തില്‍ രണ്ട് ഫോറും നാലു സിക്സറും സഹിതം 37) ടീമിനെ കരകയറ്റിയത്. ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ സിക്സും ഫോറും പറത്തിയാണ് ഡേവിഡ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഡല്‍ഹി ബൗളര്‍മാരില്‍ സ്പിന്നര്‍മാരാണു തിളങ്ങിയത്. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് പിഴുതു. വിപ്രാജ് നിഗവും അത്രയും ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു വിക്കറ്റെടുത്തു. മുകേഷ് കുമാറിനും മോഹിത് ശര്‍മയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.