ആലപ്പുഴ: കുട്ടനാട്ടിൽ കൊയ്ത്ത് തീരാറായി. കൊയ്ത്തിനിടെ പാടത്തും വരമ്പത്തും വീണുകിടക്കുന്ന നെൽമണികൾ മോഹിച്ച് വിദൂരങ്ങളിൽ നിന്ന് അനേകം പറവകളാണ് ഓരോ സീസണിലും എത്തുന്നത്. ഏകദേശം എൺപതോളം ഇനത്തിൽപ്പെട്ട പറവകൾ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലായി വന്നുപോകുന്നതായാണ് കണക്ക്. കണക്കെന്തുമാകട്ടെ, ഇപ്പോൾ കുട്ടനാട്ടിലെങ്ങും പറവകളുടെ വിളയാട്ടമാണ്. നെല്ല് ഭക്ഷിക്കുന്നതിനുപുറമെ, കുട്ടനാടൻ ചോലകളിൽ നിന്നുള്ള ചെറുമീനുകളും ഇവയുടെ ലക്ഷ്യമാണ്. ഒപ്പം ചൂടിൽ നിന്ന് മോചനം നേടാനാവശ്യത്തിന് ശുദ്ധജലവും ലഭിക്കും..
ആറിലും തോട്ടിലുമൊക്കെ പറവകളുടെ നീരാട്ടും നടക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി പടർന്നുകിടക്കുന്ന കുട്ടനാട്ടിലെ കൊയ്ത്ത് ഏറെക്കുറെ പൂർത്തിയായി. പല പാടശേഖരങ്ങളും അടുത്ത വിതയ്ക്കായുള്ള ഒരുക്കംതുടങ്ങി. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറ്റിത്തുടങ്ങിയതോടെ ചെറുമീനുകളേയും നെൽമണികളും വെള്ളവും ഒന്നിച്ച് ലഭിക്കുമെന്നത് പറവകൾക്ക് സന്തോഷകരമാണ്. നാടോടി പറവകളാണ് കുട്ടനാട്ടിൽ പക്ഷിപ്പനി എത്തിക്കുന്നതെന്നൊരു ആക്ഷേപം നിലനിൽക്കുന്നുണ്ടെങ്കിലും മുൻകാലങ്ങളിലേതുപോലെതന്നെ പറവകൾ വീണ്ടുമെത്തുന്നു. വെളുത്തകൊക്കുകളുടെ വിവിധ ഇനങ്ങളാണ് പാടശേഖരങ്ങളിലധികവും. അവയുടെ കൂട്ടമായുള്ള ഇരതേടലും കൂടണയലുമൊക്കെ നല്ല കാഴ്ചകളാണ്. സഞ്ചാരികൾക്ക് ഹരവും…