ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ടിക്കറ്റുകള്‍ കൃത്യമായ പ്രതിമാസ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അവസരം. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്ക് വഴി തവണ വ്യവസ്ഥയില്‍ ടിക്കറ്റ് നിരക്ക് അടക്കാന്‍ അവസരമൊരുക്കുന്ന സേവനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇത്തരമൊരു സേവനം നല്‍കുന്ന ആദ്യ സൗദി വിമാന കമ്പനിയാണ് ഫ്‌ളൈ നാസ്. ആമസോണ്‍ പെയ്‌മെന്റ് സര്‍വീസസുമായി സഹകരിച്ചാണ് പുതിയ സേവനം ഫ്‌ളൈ നാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫ്‌ളൈ നാസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സ്റ്റീഫന്‍ മക്കറിയയും സൗദിയിലെ ആമസോണ്‍ പെയ്‌മെന്റ് സര്‍വീസസ് സ്ട്രാറ്റജി ആന്റ് ഗ്രോത്ത് മേധാവി മുന അല്‍സമീനുമാണ് ഇതിനുള്ള കരാറില്‍ ഒപ്പുവെച്ചത്.
ഫ്‌ളൈ നാസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോഴും വാങ്ങുമ്പോഴും അതിഥികള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാന്‍ തങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നതായി സ്റ്റീഫന്‍ മക്കറിയ പറഞ്ഞു. പ്രതിമാസ തവണ വ്യവസ്ഥയില്‍ ടിക്കറ്റ് നിരക്ക് അടക്കാനുള്ള ഓപ്ഷന്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ച സൗദിയിലെ ആദ്യ വിമാന കമ്പനിയാണ് ഫ്‌ളൈ നാസ്. സൗദിയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ ആദ്യമായി സ്വീകരിച്ച വിമാന കമ്പനിയും ഫ്‌ളൈ നാസ് ആണ്. എസ്.ടി.സി പേ പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി പെയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയ ആദ്യ വിമാന കമ്പനിയും ഫ്‌ളൈ നാസ് ആണ്. പുതിയ പെയ്‌മെന്റ് ഓപ്ഷന്‍ എന്നോണം തവണ വ്യവസ്ഥയില്‍ പണമടക്കാനുള്ള അവസരം നല്‍കുന്ന സൗദിയിലെ ആദ്യ വിമാന കമ്പനിയായി മാറിയതിലും തങ്ങള്‍ അഭിമാനിക്കുന്നു. ഫ്‌ളൈ നാസ് വിമാനങ്ങളില്‍ കൂടുതല്‍ യാത്രകള്‍ നടത്തി ആസ്വദിക്കാന്‍ ഈ ചുവടുവെപ്പ് യാത്രക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും സ്റ്റീഫന്‍ മക്കറിയ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group