ജിദ്ദ: പാപ്പരാസികളുടെ സാമൂഹിക ജീവിതം അഭ്രപാളികളിൽ അടയാളപ്പെടുത്തുന്ന പുതിയ സംരംഭം. പ്രവാസികളുടെ സഹകരണത്തോടെ വര്‍മ്മ പ്രൊഡഷന്‍സിന്റെ ബാനറിലാണ് ‘പാപ്പരാസികള്‍’ എന്ന മലയാള പടം റിലീസിന് ഒരുങ്ങുന്നത്. മുന്നാസ് മൊയ്തീനാണ് കഥയും സംവിധാനവും. നിര്‍വ്വഹിച്ചിരിക്കുന്നത്. നാല് ഗാനങ്ങളോടെ സൈക്കോ ത്രില്ലർ ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ജിദ്ദ യിലെ ഗായിക ഡോ. ആലിയ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എച്ച് ആന്റ് ഇ ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍ കോ പ്രൊഡ്യൂസറാണ്. അന്തരിച്ച പ്രമുഖ നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രമാണ്.

ധ്യാന്‍ ശ്രീനിവാസന്‍, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ടി. ജി രവി, ഭഗത് മാനുവല്‍, ഐശ്വര്യ മേനോന്‍, നിര്‍മല്‍ പാലാഴി, ഫഹദ് മൈമൂൻ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഒരു മാസത്തിനുള്ളില്‍ ഒ ടി ടി യിലാണ് ‘പാപ്പരാസികള്‍’ റിലീസ് ചെയ്യുന്നത്. ശ്രീജിത് വര്‍മ്മയാണ് നിര്‍മാതാവ്. ജിദ്ദ കേരള പൗരാവലിയുടെ സഹകരണത്തോടെ സൗദി അറേബ്യയില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെട്ട് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കും.
ഇതിന്റെ ഭാഗമായി എച് ആന്റ് ഇ ലൈവ് ജിദ്ദയിലെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ജിദ്ദ ആന്റലൂസ് മാളിലെ എമ്പയർ തിയേറ്ററില്‍ പ്രത്യേക ഷോ നടത്തും. എച്ച് ആന്റ് ഇയും ക്യു മീഡിയയും സംയുക്തമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ – ഫിലിം ചേംബര്‍ എന്നിവയില്‍ അംഗത്വം നേടാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. നൗഷാദ് ചാത്തല്ലൂര്‍, ഫഹദ് മൈമൂൻ, ഡോ. ആലിയ, ഡോ. ഇന്ദു ചന്ദ്രശേഖര്‍, റാഫി ബീമാപള്ളി, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.