ജിദ്ദ – ഉയര്‍ന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ പശ്ചാത്തലത്തില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വര്‍ഷപാത അനുപാതം 33 ശതമാനം തോതില്‍ വര്‍ധിക്കുമെന്ന് ജിദ്ദയിലെ കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാല നടത്തിയ വിദഗ്ധ പഠനത്തിന്റെ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെ കുറിച്ചുമാണ് വിദഗ്ധ പഠനം നടത്തിയത്.
യു.എ.ഇയിലും ഒമാനിലുമുണ്ടായ കനത്ത മഴക്കൊപ്പമാണ് സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കിയത്. യു.എ.ഇയിലും ഒമാനിലും ഒരു ദിവസത്തിനിടെ പെയ്ത മഴ ശരാശരി വാര്‍ഷിക മഴയെക്കാള്‍ കൂടുതലായിരുന്നു. വന്‍തോതിലുള്ള പ്രളയത്തിന് ഇത് ഇടയാക്കി. പ്രളയത്തില്‍ ആളപായങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
സമുദ്രനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിന് കാരണമാണെന്ന് പഠനം പറയുന്നു. ഇത് തീരനഗരങ്ങള്‍ക്കു മാത്രമല്ല, എല്ലാ നഗരങ്ങള്‍ക്കും ഭീഷണിയാണ്. ഇത്തരം കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ നേരിടാന്‍ അറേബ്യന്‍ ഉപദ്വീപിലെയും ലോകത്തെ മറ്റു നിരവധി പ്രദേശങ്ങളിലെയും പശ്ചാത്തല സൗകര്യങ്ങള്‍ സുസജ്ജമല്ലെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് ആളപായത്തിന്റെ കാര്യത്തില്‍ മാത്രമല്ല, റോഡുകളും സേവനങ്ങളും തടസ്സപ്പെടല്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ എന്നിവ അടക്കം സാമ്പത്തിക തലത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കുറഞ്ഞ കാലയളവില്‍ ആവര്‍ത്തിച്ച് കനത്ത മഴ പെയ്യുന്നതായും ഇത് സാധാരണയായി താഴ്‌വരകളിലൂടെ സമുദ്രത്തിലേക്ക് വേഗത്തില്‍ ഒഴുകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നതായും കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും പഠനത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്ത ഡോ. ഹില്‍കി ബെക് വിശദീകരിച്ചു.
ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ചയുടെ ഫലമായ നഗരവികസനം സ്വാഭാവിക ജലപ്രവാഹത്തിന്റെ പാതകളെ മാറ്റിമറിച്ചു. ഇത് മലവെള്ളപ്പാച്ചിലിന്റെ കാര്യക്ഷമമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുവഴി ജീവഹാനിയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടങ്ങളുണ്ടാവുകയും മലിനജല സംവിധാം തകരാറിലാവുകയും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്യും.
അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത് നിര്‍മിച്ച 574 അണക്കെട്ടുകള്‍ സൗദിയിലുണ്ട്. അതിനാല്‍, പുതിയതും നിലവിലുള്ളതുമായ അണക്കെട്ടുകളുടെ പരിപാലനം മെച്ചപ്പെടുത്താനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെ കുറിച്ച മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ പിന്തുണക്കാന്‍ കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാല ഈ രംഗത്തെ അതിന്റെ അനുഭവങ്ങളും ഗവേഷണ വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതായും ഡോ. ഹില്‍കി ബെക് പറഞ്ഞു.