കോഴിക്കോട്: പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്കു കയറിയ മകൾക്ക് മൂന്നു കോടി രൂപയുടെ പോർഷെ കാർ സമ്മാനിച്ച് അമ്പരപ്പിക്കുന്ന സ്വാഗതം ഒരുക്കി ഹൈലൈറ്റ് ഗ്രൂപ്പ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കുന്ന ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി ചുമതലയേറ്റ നിമ സുലൈമാനാണ് കമ്പനി വ്യത്യസ്തമായ സ്വീകരണം നൽകിയത്.
ലോക ചരിത്രത്തിലെ പ്രാചീന പട്ടണമായ കോഴിക്കോട് നഗരത്തെ നവീകരിച്ച ഹൈലൈറ്റ് സിറ്റി അടക്കം നഗര നിർമ്മാണ രംഗത്ത് സുപ്രധാന സ്ഥാപനമാണ് ഹൈലൈറ്റ് ഗ്രൂപ്പ്. താമസം, വ്യാപാരം, വിനോദം- എന്നിവ അടിസ്ഥാനമാക്കി നിർമ്മാണ രംഗത്തുള്ള ഹൈലൈറ്റിന്റെ മാളുകളുടെ വ്യാപനം വളരെ വേഗതയിലാണ് മുന്നേറുന്നത്. പുതിയ തലമുറയുടെ ഉല്ലാസ മനസിനെ പ്രതിനിധീകരിക്കുന്നതാണ് ഓരോ മാളുകളും. സന്തോഷവും സമാധാനവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷമാണ് മാളുകളിലൂടെ നിർമ്മിക്കുന്നത്. കേവലം കെട്ടിടങ്ങൾ എന്നതിന് അപ്പുറമുള്ള ആധുനിക ഇടങ്ങളായാണ് ഹൈലൈറ്റ് മാളുകളെ വിഭാവനം ചെയ്യുന്നത്- ഈ ദൗത്യത്തിന്റെ ചുമതലയാണ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മകൾ നിമ ഡയറക്ടറായി ഏറ്റെടുക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് നിമയുടെ ബിരുദം. ദേശീയ തലത്തിൽ കെമിസ്ട്രിയിൽ ഗ്രേഡ് 10ൽ ടോപ് സ്കോറർ ആയിരുന്നു. ഹൈലൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് സ്ഥാപിതമായ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലായിരുന്നു നിമയുടെ പഠനം.
ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹഗ് എ മഗ് കഫേയിൽ കസ്റ്റമർ സർവ്വീസിൽ ട്രെയിനിയായി 2018ലാണ് നിമ പരിശീലനം ആരംഭിച്ചത്. 2020മുതൽ മാനേജ്മെന്റ് പ്രതിനിധിയായി ഹഗ് എ മഗിന്റെ പുതിയ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്ന പ്രൊജക്ടിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് ഹൈലൈറ്റ് അർബൻ പ്രൊജക്ടുകളുടെ ഓപ്പറേഷൻ ഹെഡായി.
“മകൾ എന്നതിന് അപ്പുറം വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീകളോടുള്ള ബഹുമാനമാണ് ഹൈലൈറ്റ് ഗ്രൂപ്പ് അർത്ഥമാക്കുന്നത്. ആധുനിക നഗരങ്ങളാണ് ഓരോ മാളുകളും. സ്ത്രീയുടെ ഭാവന അത്തരം നഗര നിർമ്മാണത്തിൽ നിമയിലൂടെ ഞങ്ങൾ ഉറപ്പാക്കുകയാണ്” – നിമയുടെ ചുമതലകളെ കുറിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറയുന്നു.
“വലിയ ഉത്തരവാദിത്തമാണ് ഗ്രൂപ്പ് ഏൽപ്പിക്കുന്നത്. ലോകത്തിലെ അനേകം മാളുകൾ സന്ദർശിക്കാനും പഠിക്കാനും ലഭിച്ച അവസരം ഞാൻ ഓർക്കുന്നു. കെട്ടിടങ്ങൾക്ക് അപ്പുറമാണ് അതിനുള്ളിൽ നിറയുന്ന ഉന്മേഷം. മാളുകളിലൂടെ ഹൈലൈറ്റ് നിർമ്മിക്കുന്നത് ആ അന്തരീക്ഷമായിരിക്കും”- നിമ പറഞ്ഞു.