റിയാദ്- റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് നല്‍കിയ ഹരജി സൗദി അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതിഭാഗം മോചനദ്രവ്യം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ സൗദി അഭിഭാഷകര്‍ മുഖേനെയാണ് കേസ് സംബന്ധിച്ച തീര്‍പ്പിന് ഇന്ന് ഹരജി നല്‍കിയത്. കേസില്‍ വാദം കേള്‍ക്കാനുള്ള തിയതി കോടതി അറിയിക്കും. ശേഷം ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങള്‍ കേസ് ഒത്തുതീര്‍പ്പിനുള്ള മറ്റു നടപടികളിലേക്കും ഇന്ന് പ്രവേശിച്ചു.അതേസമയം സമാഹരിച്ച 34 കോടി രൂപ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ പണം എംബസിയിലെത്തും. കോടതി വിധിക്കനുസരിച്ചാണ് പണം കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബത്തിന് കൈമാറുക. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അശ്‌റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ അറ്റോര്‍ണിയും നിയമസഹായസമിതിയുടെ ലീഗല്‍ കോഓഡിനേറ്ററുമായ സിദ്ദീഖ് തുവ്വൂര്‍ എന്നിവരാണ് നിയമനടപടികള്‍ ഏകീകരിക്കുന്നത്. അതേസമയം റഹീമിന്റെ മോചനത്തിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച ഗ്രൂപ്പുകള്‍ പിരിച്ചുവിടണമെന്ന് അബ്ദുറഹീം നിയമസഹായസമിതി ചെയര്‍മാന്‍ സിപി മുസ്ഥഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വാദി ഭാഗത്തിന്റെ ദയ ആവശ്യമുണ്ടെന്നും അനാവശ്യചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും ആരെയും പ്രകോപിപ്പിക്കരുതെന്നും സമിതി ഉണര്‍ത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group