ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടർത്തുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ എന്നിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തട്ടിപ്പുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം. പുതു വസ്ത്രങ്ങൾ ധരിച്ച് വിശിഷ്ട വിഭവങ്ങൾ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയിൽ ഈ അനുഗ്രഹങ്ങൾ സമ്മാനിച്ച നാഥന് നന്ദിയർപ്പിക്കാനും വിനയാന്വിതരാവാനും നാം ജാഗ്രത പുലർത്തണം.
കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മകൾ പെരുന്നാളുമായി ബന്ധപ്പെട്ടതാണ്. വലിയ പട്ടിണിയും കഷ്ടപ്പാടും നമ്മുടെ നാട്ടിൽ നിലനിനിന്ന നാളുകളായിരുന്നു 1930കളും 40കളും. ബ്രിട്ടീഷ് ഭരണകാലമാണ്. മലബാർ സമരത്തെ തുടർന്നുള്ള സാമൂഹിക അരക്ഷിതാവസ്ഥയിൽ നിന്ന് സമൂഹം പതിയെ ഉണർന്നു തുടങ്ങിയ കാലം. വീട്ടിൽ ഒരു നേരം മാത്രമാണ് മിക്കപ്പോഴും ഭക്ഷണം കാണുക. എന്നാൽ ആ കാലത്തും പെരുന്നാൾ ദിനം വയറു നിറയെ ഭക്ഷണം കഴിച്ചു സന്തോഷകരമായി കഴിയാനുള്ള സാഹചര്യം ഉണ്ടാക്കുമായിരുന്നു മാതാപിതാക്കൾ. നാട്ടിലെ സമ്പന്നരിൽ പലരും പാവങ്ങൾക്ക് അരിയും സാധനങ്ങളും നൽകും. ചെറിയ പെരുന്നാൾ ദിനത്തിലെ സവിശേഷ ദാനധർമമായ ഫിത്ർ സകാത്ത് വലിയ ആശ്വാസമായിരുന്നു. വർഷത്തിൽ പെരുന്നാളിന് മാത്രമായി ഒരിക്കലെ പുതുവസ്ത്രം എടുത്തിരുന്നുള്ളൂ. അത് ധരിച്ചു പള്ളിയിൽ പോകുമ്പോൾ ഉള്ള സന്തോഷം മറക്കാനാവാത്തതായിരുന്നു.
ഇന്ന് സാമൂഹിക അവസ്ഥ മാറി. അല്ലാഹുവിന്റെ അനുഗ്രഹം നമുക്ക് മേൽ കൂടുതൽ വർഷിച്ചു. പെരുന്നാളിന് ഓരോ വീട്ടിലും വൈവിധ്യമാർന്ന ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യമായി. ഒന്നോ രണ്ടോ ജോഡി വസ്ത്രമെടുക്കാൻ കഴിയും മിക്കപേർക്കും. പക്ഷേ, അപ്പോഴും നമ്മുടെ സമൂഹത്തിൽ അല്ലലോടെ ജീവിക്കുന്നവരുണ്ട്. പ്രായസങ്ങൾക്ക് മധ്യേ പെരുന്നാളിന് പൊലിമ കൂട്ടാൻ പരിശ്രമിക്കുന്ന വിശ്വാസികളുണ്ട്. അത്തരക്കാരെ കണ്ടെത്തി ഭക്ഷണവും വസ്ത്രവും നൽകാൻ ആശ്വാസം പകരാൻ വിശ്വാസികൾ ഊർജസ്വലത കാണിക്കണം.
എങ്ങനെയാണു ഒരു വിശ്വാസിയുടെ ആഘോഷം നാഥന്റെ പ്രീതിയുള്ളതാവുന്നത്? അധാർമിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്ന് ആർക്കും ഉപദ്രവം ചെയ്യാതെ, കൂടുതൽ സുകൃതങ്ങൾ ചെയ്യാൻ സമയവും സന്ദർഭവും കണ്ടെത്തുമ്പോഴാണ് ആഘോഷങ്ങൾക്ക് മൂല്യവും തിളക്കവുമുണ്ടാവുന്നത്.
പെരുന്നാൾ പ്രഖ്യാപിച്ചാൽ പിന്നെ എങ്ങുമുയരുന്ന മന്ത്രം അല്ലാഹു അക്ബർ എന്നതാണ്. സ്രഷ്ടാവായ അല്ലാഹു വലിയവനാണ്, അവനാണ് സർവ്വവസ്തുതിയും എന്നുച്ചരിക്കുന്ന ഒരു വിശ്വാസിയിൽ നിന്ന് മോശം വാക്കും പ്രവർത്തനങ്ങളും ഉണ്ടാവുന്നത് എത്രമാത്രം നന്ദികേടാണ്. നാഥനാണ് വലിയവൻ എന്നാൽ അവിടെ നമുക്ക് അഹങ്കരിക്കാൻ എവിടെയാണ് അവസരമുള്ളത്. കൂടുതൽ വിനയാന്വിതരാവാനും സ്രഷ്ടാവിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് മനസ്സിനെ വീണ്ടും വീണ്ടും ഓർമപ്പെടുത്താനും ഈ മന്ത്രം മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ജീവിതത്തെ ആത്മീയമായി പരിശീലിപ്പിക്കാനുള്ള ഘട്ടം കൂടിയായിരുന്നു റസാൻ. ആ ആത്മീയ പരിശീലനം ഫലപ്പെട്ടതായി മാറണമെങ്കിൽ പിന്നീടുള്ള ജീവിതത്തിൽ അതിന്റെ മൂല്യങ്ങൾ നിലനിർത്താനാവണം.
പെരുന്നാളിന് ഒട്ടനേകം സത് പ്രവൃത്തികൾ ചെയ്യാനുണ്ട്. പരസ്പരം സ്നേഹാഭിവാദ്യങ്ങൾ ചെയ്യണം. ഒരു യഥാർത്ഥ വിശ്വാസിയുടെ മനസ്സിൽ ആരോടും വെറുപ്പ് ഉണ്ടാവരുത്. മറ്റുള്ളവരോട് വിരോധം ഇല്ലാത്തവരുടെ മനസ്സ് പ്രസന്നമായിരിക്കും. നമ്മോടു മുഖം തിരിക്കുന്നവരുടെ സമീപനം മാറ്റാൻ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും കഴിയും. കുടുംബ വീടുകളിലും അയല്പക്കങ്ങളിലും സന്ദർശനം നടത്തണം. സന്തോഷം പങ്കിടണം. രോഗികളെ പ്രത്യേകം സമാശ്വസിപ്പിക്കണം. പലരും വിഷാദാവസ്ഥയിൽ എത്തുന്നത് ആവശ്യമായ ആശ്വാസം ഉറ്റവരിൽ നിന്ന് ലഭിക്കാത്തപ്പോഴാണ്. അതിനാൽ, പെരുന്നാൾ അത്തരത്തിൽ സൗഹൃദവും സ്നേഹവും പങ്കിടുന്ന ദിനമാകണം. വിശ്വാസികൾ ഫിത്‌ർ സകാത്തായി നാട്ടിലെ പ്രധാന ധാന്യം ദാനം ചെയ്യണം. പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാവരുത് എന്നതിന്റെ സൂചനയാണല്ലോ അത്. അല്ലാഹു നമുക്ക് തന്ന അനുഗ്രഹത്തിൽ നിന്ന് ഒരു ഭാഗം മറ്റൊരാൾക്ക് നൽകുമ്പോൾ അവരിലുണ്ടാവുന്ന സന്തോഷം നമ്മുടെ ജീവിതത്തെ കൂടുതൽ പ്രസന്നമാക്കും.
സഹോദര്യത്തിന്റേത് കൂടിയാണ് ഓരോ ആഘോഷങ്ങളും. പെരുന്നാൾ വിശേഷിച്ചും. കുടുംബക്കാർ, വീട്ടുകാർ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങി നമ്മോട് ബന്ധപ്പെട്ടു ജീവിക്കുന്നവരെല്ലാം നമ്മുടെ സഹോദരങ്ങളാണ്. അവരെയെല്ലാം സന്ദർശിച്ചും സന്തോഷങ്ങൾ പങ്കിട്ടും ഈ ദിനം നാം ധന്യമാക്കണം. സമൂഹം പരസ്പര സ്നേഹത്തിനും സഹിഷ്ണുതക്കുമായി ദാഹിക്കുന്ന കാലം കൂടിയാണ്. ഇത്തരം ആഘോഷങ്ങൾ അവയ്‌ക്കെല്ലാം പരിഹാരമായി കൂടി നാം ഉപയോഗപ്പെടുത്തണം എന്ന് പറയേണ്ടതില്ലലോ.
(ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)