കൊല്ലം : മദ്യപിക്കുന്നവരുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മദ്യപിക്കരുത് എന്നാണ് പാർട്ടി നിലപാടെന്നും തങ്ങളാരും ഒരു തുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനികമായ ധാരണയിൽ നിന്ന് വന്നവരാണ് ഞങ്ങളെല്ലാം. ബാലസംഘത്തിലൂടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങൾ ചേർത്തുകൊണ്ടാണ് ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുള്ള നാടാണ് കേരളം. അപ്പോൾ മദ്യപാനത്തെ ശക്തിയായി എതിർക്കുക, സംഘടനാപരമായ പ്രശ്നമാക്കി നടപടിയെടുത്ത് പുറത്താക്കുക, അല്ലെങ്കിൽ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ലഹരി ഉപയോഗത്തെ ശക്തിയായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. എതിർത്ത് പരാജയപ്പെടുത്താനുള്ള ബോധം രൂപപ്പെടുത്തണം. അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടൽ പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ഉണ്ടാകണം. ആ ജനകീയ മന്നേറ്റത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിചേരണമെന്നും എം.വി ഗോവിന്ദൻ അഭ്യർത്ഥിച്ചു.