ചെങ്ങന്നൂർ- ഉറങ്ങിക്കിടന്ന മൂത്തസഹോദരനെ കഴുത്തിൽ കയർ കുരുക്കി അനുജൻ കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ അരമനക്ക് സമീപം ചക്രപാണിയിൽ പ്രസന്നൻ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇളയ സഹോദരൻ പ്രസാദിനെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു .കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മിൽ നടന്ന കലഹത്തിൻ്റെ തുടർച്ചയാണ് കൊലപാതത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
നിരന്തരം ഇവർ തമ്മിൽ മദ്യപിച്ച് വഴക്കിടുകയും പ്രസന്നനെ മർദ്ദിക്കുകയും ചെയ്യുന്നതിനാൽ പ്രസാദിനെ ഭയന്ന് പ്രസന്നൻ രാത്രി വൈകിയാണ് വീട്ടിലെത്തുന്നതെന്നും പറയുന്നു.
പതിവ് പോലെ വൈകിയെത്തിയ പ്രസന്നൻ ഉറങ്ങാൻ കിടക്കുകയും ഈ സമയം മുറിയിൽ എത്തിയ പ്രസാദ് സഹോദരനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഈ സമയം വീട്ടിൽ അച്ഛനമ്മമാർ ഉണ്ടായിരുന്നെങ്കിലും രാവിലെയാണ് ഇവർ കൊലപാതകം അറിയുന്നത്.