തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രമേശ് ചെന്നിത്തലയെ എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എല്ലാവരും ബഹുമാനിക്കുന്ന നായർ സമുദായത്തിലെ വ്യക്തിയായതുകൊണ്ടാണ് ചെന്നിത്തലയെ എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചത്. ഒരു കാലത്തെടുത്ത രാഷ്‌ട്രീയ നിലപാട് വിഡ്ഢിത്തമാണെന്ന് മനസിലായി. എന്നാൽ ചെന്നിത്തല മാത്രമാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന അഭിപ്രായമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ രമേശ് ചെന്നിത്തല എൻഎസ്‌എസ് ആസ്ഥാനത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു. 11 വർഷങ്ങൾക്ക് ശേഷമായിരുന്നു ചെന്നിത്തലയുടെ പെരുന്ന സന്ദർശനം. ചടങ്ങിൽ മറ്റ് കോൺഗ്രസ് നേതാക്കന്മാർക്കും ബിജെപി നേതാക്കന്മാർക്കും ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോർണി ജനറൽ വെങ്കിട്ടരമണി പിൻവാങ്ങിയതിനെത്തുടർന്നാണ് ചെന്നിത്തലയെ എൻഎസ്‌എസ് ക്ഷണിച്ചത്.
മന്നം ജയന്തി ആഘോഷത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാൻ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പ്രൗഢമായ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. അതിന് അവസരം നൽകി തന്നെ ക്ഷണിച്ച എൻഎസ്എസ് നേതൃത്വത്തോടും അതിന്റെ അമരക്കാരനായ ജി.സുകുമാരൻനായരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ തനിക്ക് തുണയായത് എൻഎസ്എസ് ആണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.