ജിദ്ദ – സൗദി അറേബ്യയും ഇറ്റലിയും ആയിരം കോടി ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു. സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ബന്ധങ്ങള്‍ അതിവേഗം വികസിച്ചുവരികയാണ്. ഇറ്റലിയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ പ്രവണത സമീപ വര്‍ഷങ്ങളില്‍ വളരെ പോസിറ്റീവ് ആണ്.
സൗദി അറേബ്യക്ക് ചരക്കുകള്‍ നല്‍കുന്ന ഏഴാമത്തെ വലിയ പങ്കാളിയാണ് ഇറ്റലി. കഴിഞ്ഞ കൊല്ലം ആദ്യ മാസങ്ങളില്‍ സൗദിയില്‍ ഇറ്റലിയുടെ വിപണി വിഹിതം ക്രമേണ മെച്ചപ്പെട്ടു. 2023 നെ അപേക്ഷിച്ച് 2024 ല്‍ സൗദിയിലേക്കുള്ള ഇറ്റാലിയന്‍ കയറ്റുമതി 26 ശതമാനത്തിലേറെ തോതില്‍ വര്‍ധിച്ചു. ഈ ഡാറ്റകള്‍ ഏറെ പ്രധാനമാണ്. സൗദിയിലേക്കുള്ള ഇറ്റലിയുടെ കയറ്റുമതി ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കും. സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള സഹകരണത്തില്‍ വലിയ ശേഷികള്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല. സൗദി, ഇറ്റലി പങ്കാളിത്തത്തില്‍ പുതിയ അധ്യായം തുറക്കാന്‍ തന്റെ സന്ദര്‍ശനം വഴിവെക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഇറ്റാലിയന്‍ വിദേശ മന്ത്രി പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ജോര്‍ജിയ മെലോനി കഴിഞ്ഞ ദിവസം അല്‍ഉലയിലെ ശൈത്യകാല ക്യാമ്പില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. സൗദി, ഇറ്റലി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കാനുള്ള കരാര്‍ അടക്കം ഏതാനും കരാറുകളിലും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group