കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും.
ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, പ്രാദേശിക നേതാക്കളായ ഭാസ്‌കരന്‍ വെളുത്തോളി, രാഘവന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിലെ രണ്ടാം പ്രതി സജി സി ജോര്‍ജിനെ, ഗൂഢാലോചന നടത്തി പൊലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.
പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 10 പ്രതികള്‍ക്ക് സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.