കൊല്ലം: തിരുവോണ നാളിൽ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ ഭർത്താവ് അഭീഷ് രാജ്. ശ്രീക്കുട്ടി സേലത്ത് എം.ബി.ബി.എസിന് പഠിക്കാൻ പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നും പിന്നീട് അതിന് അടിമയായി മാറുകയായിരുന്നുവെന്നും അഭീഷ് രാജ് പറഞ്ഞു.
ലഹരിക്കു പുറമെ, മൈനാഗപ്പള്ളി കൊലക്കേസിലെ മുഖ്യ പ്രതി അജ്മലുമായി ശ്രീക്കുട്ടിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചതിന് തന്റെ കൈവശം തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ശ്രീക്കുട്ടി ഇങ്ങനെയാകാൻ കാരണം അവരുടെ അമ്മയും അച്ഛനുമാണെന്നും അഭീഷ് രാജ് ആരോപിച്ചു. എന്നാൽ, തന്റെ മകൾ ആരെയും ഉപദ്രവിക്കാത്ത നിരപരാധിയാണെന്നും അവൾ ആരുടെയും വണ്ടിയിൽ കയറാറില്ലെന്നും മോളെ അജ്മലും മുൻ ഭർത്താവും ചേർന്ന് കുഴപ്പത്തിലാക്കുകയാണുണ്ടായതെന്നുമാണ് ശ്രീക്കുട്ടിയുടെ അമ്മ സുരഭി പ്രതികരിച്ചത്. അവളെ മയക്കുമരുന്ന് വല്ലതും നൽകി പാകപ്പെടുത്തി എടുത്തോന്ന് സംശയമുണ്ട്. എന്റെ കൊച്ചിനെ അകത്താക്കാൻ വലിയ ഗൂഢാലോചനയാണുണ്ടായതെന്നുമാണ് അമ്മയുടെ ആരോപണം.
യുവതിയുടെ ജീവനെടുത്ത കാർ അപകടത്തിൽ മദ്യലഹരിയിലായിരുന്നു ശ്രീക്കുട്ടിയും കൂടെയുണ്ടായിരുന്ന നിരവധി കേസുകളിലെ പ്രതിയായ കാർ ഡ്രൈവർ അജ്മലും. ഇവർ പലപ്പോഴും മദ്യ പാർട്ടിക്കായി ഒരുമിച്ച് ചേരാറുണ്ടെന്നും അന്നും പതിവ് പോലെ മദ്യ പാർട്ടി കഴിഞ്ഞുവരുന്നതിനിടെയാണ് യുവതിയുടെ ശരീരത്തിൽ കാർ ഇടിച്ച് കയറ്റിയതെന്നും അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചിരുന്നു. ലഹരി ഉപയോഗിച്ചതായി ശ്രീക്കുട്ടി തന്നെ പോലീസിനോട് സമ്മതിക്കുകയുമുണ്ടായി.
ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അജ്മലും ഡോ. ശ്രീകുട്ടിയുമായി സൗഹൃദം തുടങ്ങിയത്. പോലീസുകാരന്റെ മകനായാണ് അജ്മൽ പരിചയപ്പെടുത്തിയതെന്നും പറയുന്നു. രണ്ടുമാസത്തിനിടെ തന്റെ എട്ടുലക്ഷം രൂപ അജ്മൽ തട്ടിയെടുത്തതായി ശ്രീക്കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൈനാഗപ്പള്ളിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോളെ റോങ് സൈഡിൽ കൂടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നു. ഡോക്ടർ ശ്രീക്കുട്ടി കാർ എടുക്കാൻ പറഞ്ഞതിനെ തുടർന്നാണ് കാർ നിർത്താതെ പോയതെന്നും ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ പിന്തുടരുകയായിരുന്നു. ശേഷം കാർ റോഡ് സൈഡിൽ നിയന്ത്രണം വിട്ട് മതിൽ തകർത്ത ശേഷമാണ് നിന്നത്. സംഭവത്തിൽ നരഹത്യാ കുറ്റം ചുമത്തിയ കേസിൽ ഇരു പ്രതികളും ജയിലിലാണിപ്പോൾ. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ സംഭവത്തോടെ മാനേജ്‌മെന്റ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരിക്കുകയാണ്.