കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിലെ സംഘർഷത്തിനിടെ സഭയിലുണ്ടായിരുന്ന കോൺഗ്രസിന്റെ മൂന്ന് എം.എൽ.എമാർ വനിതാ സാമാജികരോട് അപമര്യാദയായി പെരുമാറിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻ എം.എൽ.എമാരായ എം.എ വാഹിദ്, കെ ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് കോടതി റദ്ദാക്കിയത്.
ഉമ്മൻചാണ്ടി സർക്കാറിന്റെ ഭരണത്തിൽ 2013 മാർച്ച് 15ന് കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള ഇടത് പ്രതിഷേധത്തിനിടെയുണ്ടായ കൈയ്യാങ്കളിക്കിടെ ഇടത് എം.എൽ.എമാരായ ജമീല പ്രകാശത്തേയും കെ.കെ ലതികയേയും ഇ.എസ് ബിജിമോളെയും കയ്യേറ്റം ചെയ്തുവെന്ന പരാതിയാണ് തള്ളിയത്. ജമീല പ്രകാശത്തിന്റേയും കെ.കെ ലതികയുടേയും പരാതിയിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ വർഷമാണ് മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അനുവദിച്ച് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ കേസ് റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
ബാർ കോഴക്കേസിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് അന്നത്തെ ധനമന്ത്രി കെ.എം മാണിയെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ എൽ ഡി എഫ് തീരുമാനിച്ചതിനെ തുടർന്നാണ് സഭ പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. എൽ.ഡി.എഫ് എം.എൽ.എമാരായ ഇ.പി ജയരാജൻ, വി ശിവൻകുട്ടി, സി.കെ സദാശിവൻ, കെ കുഞ്ഞമ്മദ്, കെ അജിത്ത്, കെ.ടി ജലീൽ എന്നിവർ സഭയുടെ അന്തസ്സിന് നിരക്കാത്ത ചെയ്തികളും മറ്റും കാണിച്ച് സഭയിലെ വസ്തുവകകൾ അടക്കം നശിപ്പിച്ചതിൽ പ്രതികളാണ്.
ഇടത് മുൻ മന്ത്രിമാർ അടക്കമുള്ളവർക്കെതിരേയുള്ള ഈ കേസ് തുടരുന്നതിനിടെയാണ് രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനെന്നോണം ഇടത് വനിതാ എം.എൽ.എമാരുടെ പരാതിയിൽ കേസുണ്ടായത്. യു.ഡി.എഫ് കേസിൽനിന്ന് പിൻവാങ്ങിയാൽ വനിതാ നേതാക്കളുടെ പരാതിയിൽനിന്ന് പിറകോട്ട് പോകാൻ ഇടതുപക്ഷവും തയ്യാറാണെന്ന സൂചന പലവട്ടം ഇടതുകേന്ദ്രങ്ങൾ നൽകിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. നിലവിലെ ഒരു മന്ത്രിയും മുൻ മന്ത്രിമാരും അടക്കം സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന നിയമസഭാ കൈയ്യാങ്കളി കേസ് എഴുതിത്തള്ളാൻ പല നീക്കങ്ങൾ പിണറായി സർക്കാർ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.