തിരുവനന്തപുരം: ഓണത്തിരക്ക് തുടങ്ങിയതോടെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. കുറുവ അരിയുടെ വില മൂന്നുരൂപയാണ് വർദ്ധിപ്പിച്ചത്. നേരത്തേ ഇത് കിലോയ്ക്ക് മുപ്പതുരൂപയായിരുന്നു. മട്ട അരി, പച്ചരി എന്നിവയ്ക്കും മൂന്നുരൂപ കൂട്ടിയിട്ടുണ്ട്.
തുവരപ്പരിപ്പിന് നേരത്തേ 111 രൂപയായിരുന്നു. എന്നാലിപ്പോൾ അത് 115 രൂപയാക്കിയിട്ടുണ്ട്. പഞ്ചസാരയ്ക്കാണ് കാര്യമായ വർദ്ധന. ആറുരൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. നേരത്തേ ഒരുകിലോ പഞ്ചസാരയ്ക്ക് 27 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 33 രൂപയാക്കിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയ്ക്കും ചെറുപയറിനും വില കുറഞ്ഞിട്ടുണ്ട്.
ഏഴുവർഷത്തിനുശേഷമുള്ള നാമമാത്രമായ വിലവർദ്ധനവാണ് ഇപ്പോൾ ഉള്ളതെന്നാണ് മന്ത്രി ജി ആർ അനിൽ പറയുന്നത്. ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് വിലയുടെ വർദ്ധനവ് അനുസരിച്ചുള്ള ക്രമീകരണം എന്നാണ് അദ്ദേഹം വിലക്കയറ്റത്തെക്കുറിച്ച് പറഞ്ഞത്. വില കൂട്ടിയെങ്കിലും പൊതുവിപണിയെക്കാൾ സപ്ലൈക്കോയിൽ ഇപ്പോഴും മുപ്പതുശതമാനത്തോളം വില കുറവാണെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈക്കോയെ നിലനിർത്താൻ വേണ്ടിയാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.