(മുക്കം)കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഒരു നാടിന്റെയും കാലത്തിന്റെയും ഗൃഹാതുര ഓർമകൾ ഉണർത്തുന്ന പാറക്കൽ ആമിനയുടെ ‘കോന്തലക്കിസ്സകൾ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. എഴുത്തുകാരനും നിരൂപകനും പൗരാവകാശ പ്രവർത്തകനുമായ ഡോ. എം.എൻ കാരശ്ശേരി യുവ കഥാകൃത്ത് ഫർസാന വാഴക്കാടിന് നൽകിയാണ് പുസ്തകത്തിന്റെ പുറംചട്ട പ്രകാശനം ചെയ്തത്.
ആമിനയുടെ ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടെന്നും ഇത് ഏറെ ആവേശം പകരുന്നതാണെന്നും എം.എൻ കാരശ്ശേരി പറഞ്ഞു. ചെറുപ്പത്തിൽ ഞങ്ങളെ കക്കാടമ്മക്കാർ എന്നാണ് പറയാറ്. ഞങ്ങളുടെ മഹല്ല് കക്കാട് ആയിരുന്നു. അതേപോലെ ഗ്രന്ഥകാരിയുടെ ജ്യേഷ്ഠനുൾപ്പെടെയുള്ള സഹോദരങ്ങൾ എന്റെ വലിയ സുഹൃത്തുക്കളും ഏറെ അടുപ്പമുള്ളവരുമാണ്. അവരുടെ മാതാപിതാക്കളും എന്റെ മാതാപിതാക്കളുമായെല്ലാം വളരെ നല്ല ബന്ധമായിരുന്നു.
നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് പുതിയൊരു സങ്കൽപ്പം വളർന്നുവരുന്നുണ്ട്. കണ്ടുപരിചയിച്ച, ഔപചാരികമായതല്ല ചരിത്രം. ചരിത്രത്തിന്റെ ജനാധിപത്യ സങ്കൽപ്പം എന്നൊരു പുതിയ കാര്യം ഉണ്ടായിവരുന്നുണ്ട്. പ്രാദേശിക ചരിത്രം, ആളുകളുടെ കേട്ടുകേൾവി, ഓർമ ഇവയെല്ലാം ഇതിൽ വളരെ പ്രധാനമാണ്. വാമൊഴി ചരിത്രത്തിന് ഏറെ പ്രാധാന്യം കൈവരുന്ന ഒരു സമയത്ത് എന്റെ നാട്ടിൽ, ഇത്തരമൊരു കഥപറയുന്ന ചരിത്ര പുസ്തകം വെളിച്ചം കാണുകയാണ്. ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല. വായിക്കാൻ വളരെ കൗതുകത്തോടെ ഇരിക്കുകയാണ്. ഇതിലുള്ള പല കഥാപാത്രങ്ങളും എന്റെ നാട്ടുകാരും കൂട്ടുകാരും എനിക്ക് പരിചയമുള്ളവരുമാകും.
ഒരു സാധാരണ വീട്ടമ്മയുടെ ആത്മകഥയെ, പ്രത്യേകിച്ച് എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒരു കുടുംബത്തിലെ സഹോദരിയുടെ രചന എന്ന നിലയ്ക്ക് ഇതിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്കേറെ സന്തോഷവും ആഹ്ലാദവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹുസൈൻ കക്കാട്, കൺവീനർ കെ.സി അബ്ദുസ്സമദ് മാസ്റ്റർ, സഹഭാരവാഹികളായ മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ പാറക്കൽ, പി സാദിഖലി മാസ്റ്റർ, കെ.സി ഇഖ്ബാൽ, കെ ലുക്മാനുൽ ഹഖീം, കെ.പി അബ്ദുറഹിമാൻ, സി.ടി അജ്മൽ ഹാദി, സി.കെ അബൂബക്കർ, റംല പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group