തിരുവനന്തപുരം- തിരുവനന്തപുരത്ത് വഞ്ചിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ ഷിനിയോടും കുടുംബത്തോടുമുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയ സ്ത്രീ, ഷിനിയുടെ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ നേരത്തെ എത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു.
വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിൽ വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി ഇവർ യാത്ര ചെയ്തത്. ഇവരെ കണ്ടെത്താനായി പോലീസ് വിവിധ സംഘങ്ങളായി തെരച്ചിൽ തുടങ്ങി.
ഇന്നലെ രാവിലെ എട്ടരയോടെയാണ് ചെമ്പകശ്ശേരി സ്വദേശി ഷിനിക്ക് നേരെ വീട്ടിൽ വെച്ച് ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. രജിസ്ട്രേഡ് കൊറിയര്‍ ആണെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലും പതിച്ചു.
കൈവെള്ളക്ക് പരിക്കേറ്റ ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാഷണൽ ഹെൽത്ത് മിഷനിൽ പബ്ലിക് റിലേഷൻ ഓഫീസറാണ് ഷിനി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം അറിയില്ലെന്നാണ് ഷിനിയും കുടുംബവും പറയുന്നത്.