ന്യൂഡൽഹി: 13 മണ്ഡലങ്ങളുള്ള പഞ്ചാബിൽ രണ്ടു സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു. ഖണ്ഡൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച അമൃതപാൽ സിംഗ് ഖലിസ്ഥാൻ ഭീകരനാണ്.
ജയിലിൽനിന്നു മത്സരിച്ച അമൃതപാൽ സിംഗ് കോണ്ഗ്രസ് സ്ഥാനാർഥി കുൽബീർസിംഗ് സിർസയെ രണ്ടുലക്ഷം വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്.
വാരിസ് പഞ്ചാ ദെ അധ്യക്ഷനായ അമൃതപാൽ സിംഗ് ആസാമിലെ ദിബ്രുഗഡ് ജയിലിലാണ് തടവിൽ കഴിയുന്നത്. രാജ്യസുരക്ഷാ നിയമം ചുമത്തിയാണ് അമൃതപാൽ സിംഗിനെ അറസ്റ്റ് ചെയ്തത്.
ഫരീദ്കോട്ട് മണ്ഡലത്തിൽനിന്നു വിജയിച്ച സരബ്ജീത് സിംഗ് ഖൽസ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ സുരക്ഷാ ജീവനക്കാരിൽ ഒരാളായ ബിയാന്ത് സിംഗിന്റെ മകനാണ്. ആം ആദ്മി പാർട്ടി സ്ഥാനാർഥി കരംജീത് സിംഗ് അൻമോളിനെ 70,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സരബ്ജീത് സിംഗ് പരാജയപ്പെടുത്തിയത്.
കോണ്ഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ഭാരതീയ ജനതാ പാർട്ടി എന്നിവർ മത്സരരംഗത്ത് എത്തിയതാണ് ഇരു മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർഥികൾ ജയിക്കാൻ കാരണം.