മണ്ണാർക്കാട് – ഷമീർ ഇനിയില്ല. ആർക്കും ചെന്നെത്താനാവാത്ത അപകട സ്ഥലങ്ങളിൽ ഓടിയെത്താൻ ഷമീർ ഉണ്ടാവില്ല. ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സ്വയം വാഹനമോടിച്ചാണ് അദ്ദേഹം മണ്ണാർക്കാട്ടെ ആശുപത്രിയിലെത്തിയത്. വിദഗ്ധ ചികിൽസക്ക് പാലക്കാട്ടേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
എത്ര ഉയരമുള്ള പാറക്കെട്ടിൽ പിടിച്ചുകയറാനും ആഴമുള്ള വെള്ളക്കെട്ടിൽ ഊളിയിടാനും ഭയമില്ലാതെ ഓടിയെത്തിയിരുന്ന ഷമീർ പാലക്കാട് ജില്ലയിൽ മാത്രമല്ല സമീപ ജില്ലകളിലും പതിവുകാരനായിരുന്നു. മല കയറുന്നതിനും മരം കയറുന്നതിനും വെള്ളത്തിലിറങ്ങുന്നതിനുമെല്ലാം പ്രത്യേകം പ്രത്യേകം ഉപകരണങ്ങൾ ഷമീറിൻ്റെ പക്കൽ ഉണ്ടായിരുന്നു. സ്വയം രൂപകൽപ്പന ചെയ്തവ ആയിരുന്നു എല്ലാം.
അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ വലിച്ചു കയറ്റുന്നതിനും മരങ്ങൾ മുറിച്ചു മാറ്റുന്നതിനും സജ്ജീകരിച്ച വാഹനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മണ്ണാർക്കാട് മേഖലയിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായാൽ അധികൃതർ ആദ്യം തേടുക ഷമീറിനെയാണ്. കോവിഡ് കാലത്ത് വഴിയിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിക്കാൻ അദ്ദേഹം എന്നും പുറത്തിറങ്ങിയിരുന്നു. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
മലമ്പുഴ കൂർമ്പാച്ചി മലയിൽ ബാബു എന്ന ചെറുപ്പക്കാരൻ കുടുങ്ങിയതും ഇന്ത്യൻ സേന എത്തി രക്ഷിച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവമാണ്. അന്ന് സൈനികർക്കൊപ്പം ഷമീറും മല കയറി.
മരം കയറുന്നതിന് കണ്ടു പിടിച്ച ചുളുക്കുവിദ്യകൾ ഷമീറിനെ കേരളത്തിന് പുറത്തും പ്രശസ്തനാക്കി. കാശ്മീർ താഴ്വരയിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഝാർഖണ്ഡിൽ ടണലിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ ഷമീർ സജീവമായി പങ്കെടുത്തിരുന്നു.
ഭാര്യ സുഹത. മക്കൾ – മുഹമ്മദ് ഷിഫാസ് (യു.എ.ഇ), ഷിഫാന, മുഹമ്മദ് ഷംനാസ്, ഷാനി ബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കരിമ്പ പള്ളിപ്പാടി ജുമാ അത്ത് പളളി ഖബർസ്ഥാനിൽ.