* മിനായില്‍ ഇന്ത്യന്‍ ഹാജിമാരുടെ പാര്‍പ്പിടം മൂന്നു സോണുകളില്‍
* താമസം, ഭക്ഷണം, ചികില്‍സ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍
* അയ്യായിരം വനിതാ തീര്‍ഥാടകര്‍ സ്വതന്ത്ര ഹജ് വിസയില്‍ വരുന്നു
ജിദ്ദ: അല്‍ ആന്ദാലൂസ് ഡിസ്ട്രിക്ടില്‍ ഇന്ത്യന്‍ മിഷന്‍ നേരത്തെ വിലയ്‌ക്കെടുത്ത സ്ഥലത്ത് പുതുതായി പണി കഴിപ്പിക്കുന്ന ഇന്ത്യന്‍ ചാന്‍സറിയുടെ കെട്ടിടനിര്‍മാണം ഉടനെയാരംഭിക്കുമെന്നും മുപ്പത് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിക്കുന്ന കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 450 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, വിശാലമായ കാര്‍ പാര്‍ക്കിംഗ്, വിപുലമായ ഓഫീസ്, ജീവനക്കാരുടെ പാര്‍പ്പിടങ്ങള്‍ തുടങ്ങിയവയും സജ്ജമാകുമെന്ന് ഇന്ത്യന്‍ ഹജ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി.
പ്രസ് ഇന്‍ഫര്‍മേഷന്‍ കള്‍ച്ചര്‍ കോമേഴ്‌സ് വിഭാഗം കോണ്‍സല്‍ കൂടിയായ മുഹമ്മദ് ഹാഷിമിനാണ് പുതിയ ചാന്‍സറി പദ്ധതിയുടെ ചുമതല. നിര്‍ദിഷ്ട സമയത്ത് തന്നെ കോണ്‍സുലേറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനകം 52,000 ഇന്ത്യന്‍ ഹാജിമാര്‍ പുണ്യനഗരങ്ങളിലെത്തിയതായി കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. പ്രതിദിനം 4000 പേര്‍ എന്ന നിലയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഹാജിമാരെത്തുന്നത്. ഇത്തവണ മൊത്തം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തുന്നത്. കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,40,020 പേരും സ്വകാര്യ ഹജ് ഗ്രൂപ്പുകളും ട്രാവല്‍ കമ്പനികളും മുഖേന 35,005 പേരുമാണ് എത്തുന്നത്. ഇതില്‍ അയ്യായിരം വനിതാതീര്‍ഥാടകര്‍ മഹ്‌റം ഇല്ലാതെ സ്വതന്ത്രരായാണ് എത്തുന്നത്.
ഇവര്‍ക്കാവശ്യമായ പാര്‍പ്പിടങ്ങളും പരിചരണസൗകര്യങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. 350 ഡോക്ടര്‍മാരുള്‍പ്പെടെ പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ജീവനക്കാരുമായി 300 പേര്‍ വേറെയും ഇന്ത്യന്‍ ഹാജിമാരെ പരിചരിക്കാന്‍ സേവനരംഗത്തുണ്ടെന്ന് സി.ജി പറഞ്ഞു.
ത്വവാഫ് ചെയ്യുമ്പോഴോ ഹറമില്‍ ചെലവഴിക്കുമ്പോഴോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എന്തെങ്കിലും സാധനസാമഗ്രികളോ പായ്ക്കറ്റുകളോ മറ്റോ കണ്ടെത്തിയാല്‍ അത് എടുത്ത് സെക്യൂരിറ്റിയെ ഏല്‍പിക്കാനും അതിന്റെ പിറകെ പോകാനും ഹാജിമാര്‍ മെനക്കടരുതെന്ന് കോണ്‍സല്‍ ജനറല്‍ അഭ്യര്‍ഥിച്ചു. പിന്നീട് അത് പല വയ്യാവേലികള്‍ക്കും കാരണമാകും. അക്കാര്യങ്ങളിലൊന്നും തലയിടാന്‍ പോകരുത്. അത് പോലെ മക്കയിലേയും മദീനയിലേയും ഹറമുകള്‍ക്കകത്തോ പുറത്തോ സെക്യൂരിറ്റി ജീവനക്കാരുമായോ നിയമപാലകരായ പോലീസുകാരുമായോ ഒന്നിനും അനാവശ്യായ വാഗ്വാദങ്ങള്‍ക്ക് പോകരുതെന്നും ഹജിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുന്ന വിധത്തില്‍ അച്ചടക്കവും സംയമനവും പാലിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
ഏതെങ്കിലും നിലയില്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ പരിമിതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ സമാധാനപൂര്‍വം അറിയിക്കുകയാണ് വേണ്ടത്. ഇക്കാര്യം ഇന്ത്യന്‍ ഹാജിമാരുടെ സൗദിയിലുള്ള ബന്ധുക്കള്‍ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഓര്‍മിപ്പിക്കേണ്ടി വരുന്നത്.
റോഡ് ടു മക്ക പദ്ധതി പ്രകാരം ഇന്ത്യന്‍ ഹാജിമാരുടെ എമിഗ്രേഷന്‍- സെക്യൂരിറ്റി നടപടിക്രമങ്ങള്‍ അവര്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പ്രായോഗികമായ വൈഷമ്യം കാരണം ഇത്തവണ അത് യാഥാര്‍ഥ്യമായില്ലെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ അത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരുടെ ലഗേജ് നടപടികള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഹജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ വ്യക്തമാക്കി. അതാത് സ്ഥലങ്ങളിലെ ഹജ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പരിഹാരം കാണുന്നതിനായി ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതിനും വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാമെന്നും മിന, അറഫ, മദീന എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹജ് മിഷന്‍ പ്രതിനിധികളും ഇന്ത്യയില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരും സദാ സേവനസന്നദ്ധമായിരിക്കുമെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.