പുതിയ പുസ്തകം പുറത്തിറങ്ങി- കെടാവിളക്ക്
ജിദ്ദ: ഇങ്ങനെയും ഒരു ആരോഗ്യമന്ത്രി നമുക്കുണ്ടായിരുന്നു. വി.സി കബീര്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ എണ്‍പത്തൊന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. 1943 മെയ് പത്തിന് കിഴക്കന്‍ പാലക്കാട്ടെ വടക്കഞ്ചേരിയില്‍ ജനിച്ച കബീര്‍മാസ്റ്റര്‍ ഇന്നും ഒരു യുവാവിന്റെ ഊര്‍ജസ്വലതയോടെ ഓടിനടക്കുന്നു. ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണവുമായി ജില്ലയിലുടനീളം സഞ്ചരിക്കുന്ന
കബീര്‍ മാസ്റ്ററെ വിളിച്ച് ജന്മദിനമാശംസിച്ചപ്പോള്‍ തന്റെ കെടാവിളക്ക് എന്ന ഗാന്ധിയന്‍ ചിന്തകളുടെ ചെറുകുറിപ്പുകളടങ്ങിയ സ്വന്തം സമാഹാരത്തിന്റെ പി.ഡി.എഫ് അയച്ചുതരികയും പിറന്നാളാശംസക്ക് നന്ദിപറയുകയും ചെയ്തു, ഖദറിന്റെ വിശുദ്ധി ഇന്നും കാത്ത് സൂക്ഷിക്കുന്ന ഈ നേതാവ്.
ഗാന്ധിജി മരിക്കുമ്പോള്‍ വി.സി കബീര്‍ ഒന്നാം ക്ലാസിലായിരുന്നു. രാവിലെ കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളിലെത്തുമ്പോള്‍ പതിവ് ബഹളങ്ങളൊന്നുമില്ല. അധ്യാപകരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഹെഡ് മാസ്റ്റര്‍ ദാമോദരമേനോനാണ് പറഞ്ഞത് ഗാന്ധിജി കൊല്ലപ്പെട്ടിരിക്കുന്നുവെന്ന്. ആദ്യമായി കേള്‍ക്കുന്ന ആ പേര് ഗാന്ധിജി. അന്ന് മുതല്‍ അദൃശ്യശക്തിയായി ഗാന്ധിജി, കബീറിന്റെ ജീവിതത്തിലുണ്ട്. സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമൊക്കെയായി മാറിയപ്പോഴും ഗാന്ധിമാര്‍ഗത്തില്‍ നിന്ന് മാറിയില്ല. കെടാവിളക്ക് എന്ന പുസ്തകത്തില്‍ ഗാന്ധിജിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത പരാമര്‍ശങ്ങളടങ്ങിയ കുറിപ്പുകളാണ് കബീര്‍ മാസ്റ്റര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സംസ്‌കൃതപണ്ഡിതനും തത്ത്വജ്ഞാനിയുമായിരുന്ന ശ്രീവാല്‍ജി ദേശായ് കുഷ്ഠരോഗത്തെത്തുടര്‍ന്ന് അഭയം പ്രാപിച്ചത് സബര്‍മതി ആശ്രമത്തിലായിരുന്നു. കുഷ്ഠം ബാധിച്ചതിനെത്തുടര്‍ന്ന് കുുടുംബാംഗങ്ങള്‍ അദ്ദേഹത്തെ പുറത്താക്കി. മുറിവുകള്‍ കഴുകിയും പരിചരിച്ചും ഗാന്ധിജി, ശ്രീവാല്‍ജിക്ക് കൈത്താങ്ങായി. 1944 ല്‍ ജിന്നയ്ക്ക് ഗാന്ധിജി അയച്ച കത്തും അതിന്റെ മറുപടിയും പുസ്തകത്തിലുണ്ട്. കസ്തൂര്‍ബയുമായുള്ള സുദൃഢമായ കുടുംബന്ധത്തിന്റെ കഥകള്‍ക്കൊപ്പം ഇവര്‍ക്കിടയിലെ ചെറുപിണക്കങ്ങളുടെ കഥയുമുണ്ട്, കെടാവിളക്കില്‍.
ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റ് കൂടിയായ കബീറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗാന്ധിജി എത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍, ബാപ്പുജിയുടെ കാല്‍പാടുകളിലൂടെ എന്ന പേരില്‍ എഴുതി വരുന്ന മറ്റൊരു പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഈ പുസ്തകവും ഉടന്‍ പുറത്തിറങ്ങും. മഹാത്മജിയെക്കുറിച്ച് തന്നെയുള്ള ശ്രീബുദ്ധന്‍, ശ്രീമഹാദേവന്‍ എന്ന പുസ്തകവും പണിപ്പുരയിലാണ്.
കവിതകളുടേയും കുറിപ്പുകളുമടങ്ങിയ പനങ്കാറ്റ്, കബീര്‍ക്കവിതകള്‍, നിളയുടെ കണ്ണുനീര്‍, കയ്യൊപ്പ് തുടങ്ങിയവയാണ് കബീര്‍മാസ്റ്ററുടെ മറ്റ് കൃതികള്‍.
സ്വാര്‍ഥതയുടേയും ജാതിചിന്തയുടേയും വര്‍ഗീയതയുടേയും ഈ ജീര്‍ണിച്ച കാലത്ത് ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി മുമ്പെന്നത്തേക്കാള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
നാലര മാസം മുമ്പ് ഉംറ നിര്‍വഹിക്കാനെത്തിയപ്പോള്‍ കബീര്‍ മാസ്റ്ററുമായി ജിദ്ദ സീസണ്‍ റസ്റ്റോറന്റില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശവാദവുമായി ഇപ്പോള്‍
രംഗത്ത് വന്നിട്ടുള്ള സി.പി.എമ്മിന്റെ തന്നെ ഒരു മന്ത്രിയാണ് ആദ്യമായി ഈ പദ്ധതിക്ക് പാര പണിതതെന്ന് ആ മന്ത്രിയോടൊപ്പം ക്യാബിനറ്റിലുണ്ടായിരുന്ന, തുറമുഖ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന കബീര്‍ മാസ്റ്റര്‍ അന്ന് ഈ ലേഖകനോട് തുറന്നുപറഞ്ഞു. തുറമുഖ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന തന്നെ വിളിച്ച് മുഖ്യമന്ത്രി നായനാര്‍, എതിര്‍പ്പ് പറയുന്ന ഈ മന്ത്രിയുടെ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നും വിഴിഞ്ഞത്ത് പോയി കാര്യങ്ങള്‍ മനസ്സിലാക്കി വരണമെന്നും പറഞ്ഞതനുസരിച്ച് അവിടെ പോവുകയും മല്‍സ്യത്തൊഴിലാളികളുടേതുള്‍പ്പെടെയുള്ളവരുടെ വികാരം മനസ്സിലാക്കി പദ്ധതിയുടെ ഗുണവശങ്ങളെക്കുറിച്ചും അത് കേരളത്തിന്റെ ജലഗതാഗതരംഗത്ത് വരുത്തിയേക്കാവുന്ന വമ്പിച്ച മാറ്റങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക് താന്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതായി വി.സി കബീര്‍ പറഞ്ഞു.
തുറമുഖപദ്ധതിയെ എതിര്‍ത്ത അതേ മന്ത്രി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനുമെതിരായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘദര്‍ശിത്വവും ഭാവനാസമ്പന്നതയുമാണ് യു.ഡി.എഫിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്നും കബീര്‍ വ്യക്തമാക്കി.
സ്‌കൂള്‍ വിദ്യാര്‍ഥികാലം തൊട്ടേ കെ.എസ്.യുവിലൂടെ രംഗത്തെത്തി സമരങ്ങളിലും ജാഥകളിലും പങ്കെടുക്കുകയും (1959 ല്‍ ഇ.എം.എസ് മന്ത്രിസഭക്കെതിരെ നടന്ന വിമോചനസമരത്തിലും പങ്കെടുത്തു അന്നത്തെ ഈ പതിനാറുകാരന്‍) പാലക്കാടിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ക്രമേണ നേതൃപദവിയിലെത്തുകയും ചെയ്ത ഇദ്ദേഹം മൂന്നു ടേമുകളിലായി ഒറ്റപ്പാലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്‍.സി.പിയിലായിരിക്കെ, പില്‍ക്കാലത്ത് ആശയപരമായ സത്യസന്ധത ഉയര്‍ത്തിപ്പിടിച്ച് നിയമസഭാംഗത്വം രാജി വെക്കുകയും ഇടതുപക്ഷത്ത് നിന്നു മാറി മാതൃസംഘടനയായ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുകയുമായിരുന്നു പാലക്കാടിന്റേയും വള്ളുവനാടിന്റേയും മേഖലകളിലുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും പ്രിയംകരനായ ഈ കുറിയ മനുഷ്യന്‍. അധികാരരാഷ്ട്രീയത്തോട് ഒരിക്കലും ഇണങ്ങിപ്പോകാനാകാത്ത ഇദ്ദേഹം തന്റെ നിയോജകമണ്ഡലത്തിലെ ഓരോ വീട്ടുകാരുമായി അഗാധമായ അടുപ്പം പുലര്‍ത്തുന്നു. ഒറ്റപ്പാലം- മായന്നൂര്‍ കോസ്‌വെയുള്‍പ്പെടെ മണ്ഡലത്തിന്റെ പ്രാദേശിക വികസനത്തിന് നിരവധി സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്ന് പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ കബീര്‍ മാസ്റ്റര്‍ പറഞ്ഞു.
കെ.പി.സി.സിയുടെ പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്ന ഗാന്ധി ദര്‍ശന്‍ സമിതിക്ക് ഇപ്പോള്‍ പതിനാല് ജില്ലകളിലും ശാഖകളുണ്ട്. പ്രായമായ രക്ഷിതാക്കളെ വൃദ്ധസദനത്തിലാക്കരുത്, ലഹരി പദാര്‍ഥങ്ങള്‍ കൈവെടിയുക, ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യവുമായാണ് ഗാന്ധി ദര്‍ശന്‍സമിതി പ്രവര്‍ത്തിക്കുന്നതെന്നും കബീര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഗാന്ധിസത്തിന്റെ പ്രചാരകരെ തെരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കിപ്പോരുന്നു. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, ടി. പദ്മനാഭന്‍, കെ.പി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരൊക്കെ ഈ അവാര്‍ഡിനര്‍ഹരായവരാണ്. ഗാന്ധിജി അന്തുയുറങ്ങിയ കേരളത്തിലെ 147 സ്ഥലങ്ങളിലൂടെ പതിനാറു നാള്‍ നീണ്ട യാത്ര നടത്തിയതാണ് ഗാന്ധി ദര്‍ശന്‍ സമിതിയുടെ മറ്റൊരനുഭവം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വളപ്പില്‍ ഗാന്ധിജി നട്ട മരത്തിന് ചുവട്ടില്‍ അഞ്ജലിയര്‍പ്പിച്ച് സമാപിച്ച ഈ ജാഥയെ കോളേജിനകത്ത് എസ്.എഫ്.ഐക്കാര്‍ തടഞ്ഞ സംഭവവമുണ്ടായി.
ആദ്യകാലത്ത് വീക്ഷണം വാരികയിലാണ് കവിതകളെഴുതിയിരുന്നത്. കോണ്‍ഗ്രസ് എസ്. പാലക്കാട് ജില്ലാപ്രസിഡന്റായും കെ.പി.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെ.പി.സി.സി അംഗമാണ്.